ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തോൽവി. മുംബൈ ഇന്ത്യൻസിനെതിരെ 34 റൺസിനാണ് അവർ പരാജയപ്പെട്ടത്. മുംബൈയുടെ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു
60 റൺസെടുത്ത വാർണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 44 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് വാർണറുടെ ഇന്നിംഗ്‌സ്. ബെയിർസ്‌റ്റോ 25 റൺസിനും മനീഷ് പാണ്ഡെ 30 റൺസിനും വീണു. അബ്ദുൽ സമദ് 20 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല
മുംബൈക്ക് വേണ്ടി ബോൾട്ട്, പാറ്റിൻസൺ, ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കൃനാൽ പാണ്ഡ്യ ഒരു വിക്കറ്റെടുത്തു. നേരത്തെ 67 റൺസെടുത്ത ക്വിന്റൺ ഡി കോക്കിന്റെയും 31 റൺസെടുത്ത ഇഷാൻ കിഷന്റെയും മികവിലാണ് മുംബൈ സ്‌കോർ 208 എത്തിച്ചത്. ഹാർദിക് പാണ്ഡ്യ 28 റൺസും പൊള്ളാർഡ് 25 റൺസുമെടുത്തു. ജയത്തോടെ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.