ഐ.പി.എല്‍ 13ാം സീസണിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 143 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 142 റണ്‍സ് നേടിയത്. 37 ബോളില്‍ 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍.
ഹൈദരാബാദിനായി ദേവിഡ് വാര്‍ണര്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സും എടുത്തു. ജോണി ബെയര്‍സ്റ്റോ (5) നിരാശപ്പെടുത്തി. നബി 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തന്‍ ബോളര്‍മാരുടെ മികവുറ്റ ബൗളിംഗ് പ്രകടനമാണ് മത്സരത്തില്‍ കാണാനായത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി മികച്ച രീതിയില്‍ ബോളെറിഞ്ഞ കമ്മിന്‍സ് നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അബുദാബി ഷേക്ക് സയ്യിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബാറ്റിംഗിന് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ടോസ് നേടിയ നായകന്‍ ആദ്യമായാണ് ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 7 മത്സരത്തിലും ടോസ് നേടിയ ടീം ബോളിംഗ് ആണ് തിരഞ്ഞെടുത്തിരുന്നത്.