ഇംഗ്ലണ്ട് നായകൻ ഇയാൻ മോഗർഗനും ഓസീസ് പേസർ പാറ്റ് കമ്മിൻസും ആദ്യമത്സരം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഉണ്ടാവുമെന്ന സൂചന നൽകി ടീം സിഇഒ വെങ്കി മൈസൂർ. ടൂർണമെന്റിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ ടീമിന്റ സ്ഥിരീകരണം ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
‘ഞങ്ങളുടെ മൂന്ന് കളിക്കാരെ ക്വാറന്റൈ്‌നിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്. അവർ സെപ്റ്റംബർ 17-നാണ് എത്തുക. ഞങ്ങളുടെ ആദ്യമത്സരം 23-നും. അപ്പോഴേക്കും അവരുടെ ക്വാറന്റൈ്ൻ പൂർത്തിയാക്കാൻ സാധിച്ചാൽ ടൂർണമെന്റിനും ഞങ്ങൾക്കത് അനുകൂലമായിരിക്കും.”ഇംഗ്ലണ്ടിൽ പരമ്പരയിൽ പങ്കെടുക്കുന്നവർ ബയോ ബബിൾ സുരക്ഷയിലാണെന്ന് ഞങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ചാർട്ടേർഡ് വിമാനത്തിലെത്തിച്ച് എല്ലാ സുരക്ഷയും ഒരുക്കി പരിശോധിച്ച് ഇവിടെ ബയോ ബബിൾ സുരക്ഷയിലേക്ക് പ്രവേശിപ്പിക്കാനാണ് ശ്രമിക്കുന്നത്’ വെങ്കി പറഞ്ഞു.
നിലവിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ഏകദിന പരമ്പര നടക്കുകയാണ്. 16-നാണ് ഈ പരമ്പര അവസാനിക്കുക. അവിടെ നിന്ന് താരങ്ങളെ ചാർട്ടേർഡ് വിമാനം വഴി യു.എ.ഇയിലെത്തിക്കാനാണ് പദ്ധതി. ഇരുടീമിൽ നിന്നുമായി 22 താരങ്ങളാണ് ഐ.പി.എല്ലിൽ പങ്കെടുക്കുന്നത്.