അടുത്ത മാസം യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എന്റെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍മാറുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്.
ഈ വര്‍ഷത്തേക്കു മാത്രമാണു പിന്‍മാറ്റമെന്നാണു വിശദീകരണം. 2022 വരെ ബി.സി.സി.ഐയുമായി വിവോയ്ക്കു കരാറുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ അടുത്ത വര്‍ഷം വീണ്ടും കരാറിലെത്താമെന്നും വിവോ പറയുന്നു.
ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വിവോയുടെ പിന്‍മാറ്റം. ഇതോടെ നിലവിലെ സാഹചര്യത്തില്‍ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തേണ്ടത് ബി.സി.സി.ഐക്കു തലവേദനയാകും. പിന്‍മാറ്റത്തെ കുറിച്ച് ബി.സി.സി.ഐ.യോ വിവോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.