ഐപിഎല്‍ സെപ്തംബര്‍ 19ന് തുടങ്ങും, ഫൈനല്‍ നവംബര്‍ 10ലേക്കു മാറ്റി

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ സപ്തംബര്‍ 19ന് തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നേരത്തേ നവംബര്‍ എട്ടിന് നടക്കുമെന്നറിയിച്ച ഫൈനല്‍ നവംബര്‍ 10ലേക്കു മാറ്റിയിട്ടുണ്ട്. ഇന്നു നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അതിനിടെ ഐപിഎല്‍ യുഎഇയിലേക്കു മാറ്റാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബിസിസിഐയ്ക്കു അനുമതിയും നല്‍കിയതോടെ ടൂര്‍ണമെന്റിന്റെ തടസ്സങ്ങളെല്ലാം നീങ്ങി.

ചൈനീസ് കമ്പനിയായ വിവോയുള്‍പ്പെടെ നിലവില്‍ ഐപിഎല്ലിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍മാരെയും നിലനിര്‍ത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍, അതും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുക ദുഷ്‌കരമാണെന്നു അഭിപ്രായമുയര്‍ന്നതോടെയാണ് ഈ തീരുമാനം. എല്ലാ സ്‌പോണ്‍സര്‍മാരും ഞങ്ങള്‍ക്കൊപ്പമാണെന്നു മാത്രം ഇപ്പോള്‍ തനിക്കു പറയാന്‍ സാധിക്കും. നിങ്ങള്‍ക്കു വാക്കുകള്‍ക്കിടയിലൂടെ വായിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഐപിഎല്‍ ജനറല്‍ കൗണ്‍സില്‍ അംഗം പിടിഐയോടു പറഞ്ഞു.

ഐപിഎല്ലിന്റെ ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം ചര്‍ച്ചാവിഷയമായി മാറിയിരുന്നു. എന്നാല്‍ ഇതേ സംബന്ധിച്ച് പിന്നീട് പുനരാലോചിക്കാമെന്ന തീരുമാനമാണ് ഭരണസമിതിയിലുണ്ടായത്. അതേസമയം, വനിതകളുടെ ഐപിഎല്‍ ആരംഭിക്കുകയെന്ന നിര്‍ണായക തീരുമാനവും ഭരണസമിതി അംഗീകരിച്ചു. നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതേക്കുറിച്ച് പിടിഐയോടു പറയുകയും ചെയ്തിരുന്നു.

പുതിയ സീസണിലെ ഐപിഎല്ലില്‍ ആകെ 10 ഡബിള്‍ ഹെഡ്ഡറുകളായിരിക്കും (ഒരു ദിവസം രണ്ടു കളികള്‍) ഉണ്ടാവുക. മറ്റു ദിവസങ്ങളിലെല്ലാം ഒരു മല്‍സരം വീതമേ ഉണ്ടാവുകയുള്ളൂ. രാത്രിയിലെ മല്‍സരം ഇന്ത്യന്‍ സമയം 7.30നും യുഎഇ സമയം വൈകീട്ട് ആറിനുമായിരിക്കും ആരംഭിക്കുക.നേരത്തേ ഇന്ത്യയില്‍ ഐപിഎല്‍ നടന്നപ്പോള്‍ എട്ടു മണിക്കായിരുന്നു കളിയാരംഭിച്ചിരുന്നത്. ഇത്തവണ ഇത് അര മണിക്കൂര്‍ നേരത്തേ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

എത്രയും പെട്ടെന്നു വിസാ നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ ഫ്രാഞ്ചൈസികളോടു ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടുണ്ട്. മല്‍സരങ്ങള്‍ക്കു സ്റ്റേഡിയത്തില്‍ കുറഞ്ഞ കാണികളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ബോര്‍ഡ് ആലോചിക്കുന്നുണ്ട്. എന്നാല്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

കൊവിഡിനെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സുരക്ഷയുട സാഹചര്യം കണക്കിലെടുത്ത് ഐപിഎല്ലിന്റെ പുതിയ സീസണില്‍ എത്ര പകരക്കാരനെ വേണമെങ്കിലും ഒരു ഫ്രാഞ്ചൈസിക്കു ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദീപാവലിയുടെ ആഴ്ചയായതിനാലാണ് ഐപിഎല്ലിന്റെ ഫൈനല്‍ നവംബര്‍ 10ലേക്കു മാറ്റിയതെന്നും ഇത് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും ഭരണസമിതിയംഗം വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ ഫ്രാഞ്ചൈസികളും മറ്റുള്ളവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒരു ഫ്രാഞ്ചൈസിയില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന താരങ്ങളുടെ എണ്ണം 24 ആയിരിക്കും. എന്നാല്‍ ഈ വര്‍ഷം എത്ര പകരക്കാരെയും ഫ്രാഞ്ചൈസികള്‍ക്കു ടീമിലേക്കു കൊണ്ടു വരാം.

യുഎഇയില്‍ മെഡിക്കല്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടി ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്നും ബിസിസിഐയ്ക്കു ഓഫര്‍ ലഭിച്ചിട്ടുണ്ട്. ബയോ ബബ്ള്‍ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടി ടാറ്റ ഗ്രൂപ്പുമായി ബിസിസിഐ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഭരണസമിതിയംഗം അറിയിച്ചു.