ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് മോദി; കൊവിഡ്, തീവ്രവാദകാര്യങ്ങളില്‍ യു.എന്‍ എന്ത് ചെയ്തു: സംഘടനയ്ക്ക് പൊളിച്ചെഴുത്ത് വേണം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ യു.എന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും രോഗപ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യു.എന്‍ നടത്തിയതെന്നും മോദി ചോദിച്ചു. ഭീകരാക്രമണത്തില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യു.എന്‍ എന്താണ് ചെയ്തതെന്നും യു.എന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും സംഘാടനാപരമായി കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ട് വരണമെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ ഈ പരാമര്‍ശം.

 

പാകിസ്ഥാനെയും ചൈനയെയും നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ മോദിയുടെ സംസാരിച്ചത്. 130 കോടി ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞ മോദി ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ എന്നും ചോദിച്ചു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്നും ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന ഇന്ത്യയ്ക്ക് എത്ര കാലം കാത്തിരിക്കണമെന്നും പ്രാധനമന്ത്രി ചോദിച്ചു. കൊവിഡ് നേരിടുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ എന്ത് പങ്ക് എന്ന ചോദ്യം ഉയരുകയാണെന്നും മോദി വിമര്‍ശിച്ചു. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്കിനെ കുറിച്ചും മോദി പ്രതിപാദിച്ചു. മൂന്നാം ലോകമഹായുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും ഇപ്പോള്‍ തന്നെ നടന്നുവെന്നും ഭീകരര്‍ ചോരപ്പുഴ ഒഴുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം അയല്‍ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും കള്ളപ്പണത്തിനെതിരെയും ഉറച്ച നിലപാടുകളാണ് ഇന്ത്യയ്ക്കുള്ളതെന്നും ലോകത്ത് ശാന്തിയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രാധനമന്ത്രി കൂട്ടിച്ചേര്‍ത്തു.