ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് 176 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. വിൻഡീസിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തിയ യുസ് വേന്ദ്ര ചാഹലാണ് കളിയിലെ താരം

ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ഇഷാൻ കിഷനും രോഹിത് ശർമയും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. 51 പന്തിൽ ഒരു സിക്‌സും പത്ത് ഫോറും സഹിതം 60 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. വിരാട് കോഹ്ലി എട്ട് റൺസുമായി മടങ്ങി. ഇഷാൻ 28 റൺസിനും റിഷഭ് പന്ത് 11 റൺസിനും വീണു.  സൂര്യകുമാർ യാദവ് 34 റൺസുമായും ദീപക് ഹൂഡ 26 റൺസുമായും പുറത്താകാതെ നിന്നു

നേരത്തെ വിൻഡീസ് 43.5 ഓവറിൽ 176ന് പുറത്താകുകയായിരുന്നു. ജേസൺ ഹോൾഡർ 57 റൺസും ഫാബിയൻ അലൻ 29 റൺസുമെടുത്തു. ഡാരൻ ബ്രാവോ 18 റൺസും നിക്കോളാസ് പൂരൻ 18 റൺസും ബ്രാൻഡൻ കിംഗ് 13 റൺസുമെടുത്തു. ഇന്ത്യക്കായി ചാഹൽ നാലും വാഷിംഗ്ടൺ സുന്ദർ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി