തോൽവിയോടെ തുടക്കം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി

 

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി. വിജയലക്ഷ്യമായ 296 റൺസ് തേടിയിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസ് എടുത്തത്

മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിര തകർന്നതാണ് ഇന്ത്യക്ക് വിനയായത്. സ്‌കോർ 46ലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 12 റൺസെടുത്ത രാഹുലാണ് പുറത്തായത്. പിന്നീട് ക്രീസിലൊന്നിച്ച കോലിയും ധവാനും ചേർന്ന് സ്‌കോർ 138 വരെ എത്തിച്ചു. 84 പന്തിൽ 10 ഫോറുകൾ സഹിതം 79 റൺസെടുത്ത ധവാനെ കേശവ് മഹാരാജ് ക്ലീൻ ബൗൾഡാക്കി

കോലി 63 പന്തിൽ 51 റൺസെടുത്ത് പുറത്തായി. പിന്നീട് ഇന്ത്യ തകരുന്ന കാഴ്ചയാണ് കണ്ടത്. റിഷഭ് പന്ത് 16 റൺസിനും ശ്രേയസ്സ് അയ്യർ 17 റൺസിനും വീണു. വെങ്കിടേഷ് അയ്യർ 2, അശ്വിൻ 7, ഭുവനേശ്വർ കുമാർ 4 എന്നിവർ വന്നതും പോയതും ഒന്നിച്ചായിരുന്നു.

അവസാന ഓവറുകളിൽ ഷാർദൂൽ താക്കൂർ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തുന്നതായിരുന്നില്ല. താക്കൂർ 43 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 50 റൺസുമായും ജസ്പ്രീത് ബുമ്ര 14 റൺസുമായും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി എൻഗിഡി, ഷംസി, ഫെഹ്ലുക്വ എന്നിവർ രണ്ട് വീതവും മർക്രാം, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ 129 റൺസെടുത്ത റാസി വാൻഡർ ഡസന്റെയും 110 റൺസെടുത്ത ബവുമയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക 296ൽ എത്തിയത്. ക്വിന്റൺ ഡികോക്ക് 27 റൺസെടുത്തു.