ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 278 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിന് പുറത്തായിരുന്നു. 125ന് നാല് വിക്കറ്റ് എന്ന നിലയിൽ മത്സരം ആരംഭിച്ച ഇന്ത്യ മൂന്നാം ദിനമായ ഇന്ന് 153 റൺസ് കൂടി കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുലും രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറി നേടി. രാഹുൽ 214 പന്തിൽ 12 ഫോറുകൾ സഹിതം 84 റൺസെടുത്തു. ജഡേജ 86 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 56 റൺസെടുത്ത് പുറത്തായി
വാലറ്റത്തിന്റെ ബാറ്റിംഗാണ് ഇന്ത്യൻ ലീഡ് 90 കടത്തിയത്. മുഹമ്മദ് ഷമി 13 റൺസെടുത്തു. ബുമ്ര 34 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 28 റൺസെടുത്തു. സിറാജ് ഏഴ് റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ 25 റൺസെടുത്ത റിഷഭ് പന്തിനെയും ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടിരുന്നു. ഷാർദുൽ താക്കൂർ പൂജ്യത്തിന് പുറത്തായി
ഇംഗ്ലണ്ടിന് വേണ്ടി ഒലി റോബിൻസൺ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ജയിംസ് ആൻഡേഴ്‌സൺ നാല് വിക്കറ്റെടുത്തു.