ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 337 റൺസിന് ഓൾ ഔട്ടായി. വാഷിംഗ്ടൺ സുന്ദറിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ ഇന്നിംഗ്‌സ് 300 കടത്തിയത്.
6ന് 257 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യക്ക് 80 റൺസാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. സ്‌കോർ 305ൽ നിൽക്കെ 31 റൺസെടുത്ത അശ്വിൻ പുറത്തായി. പിന്നീട് സുന്ദർ ബാറ്റിംഗിന്റെ വേഗത വർധിപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയി
സുന്ദർ 138 പന്തിൽ രണ്ട് സിക്‌സും 12 ഫോറും സഹിതം 85 റൺസുമായി പുറത്താകാതെ നിന്നു. ഇഷാന്ത് ശർമ നാല് റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ഡോം ബെസ് നാല് വിക്കറ്റും ആൻഡേഴ്‌സൺ, ആർച്ചർ, ജാക്ക് ലീച്ച് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. റോറി ബേൺസിനെ അശ്വിൻ രഹാനെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിലാണ്. 11 റൺസുമായി സിബ്ലിയും 7 റൺസുമായി ഡാൻ ലോറൻസുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന് നിലവിൽ 261 റൺസിന്റെ ലീഡുണ്ട്.