ഇന്ത്യ 365ന് പുറത്ത്, 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; നിരാശ പടർത്തി സുന്ദറിന്റെ സെഞ്ച്വറി നഷ്ടം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 365 റൺസിന് പുറത്തായി. ഇന്ത്യക്ക് 160 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. 7ന് 294 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 365ൽ റൺസിൽ നിൽക്കെയാണ് അവസാന മൂന്ന് വിക്കറ്റുകളും നഷ്ടപ്പെട്ടത്. ഇതോടെ മറുവശത്ത് 96 റൺസുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്റെ സെഞ്ച്വറി നഷ്ടം ആരാധകരിൽ നിരാശ പടർത്തുകയും ചെയ്തു

സ്‌കോർ 365ൽ നിൽക്കെ 43 റൺസെടുത്ത അക്‌സർ പട്ടേൽ റൺ ഔട്ടാകുകയായിരുന്നു. എട്ടാം വിക്കറ്റിൽ പട്ടേലും സുന്ദറും ചേർന്ന് 106 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പട്ടേൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഇഷാന്ത് ശർമ ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നാലെ ക്രീസിലെത്തി സിറാജ് മൂന്ന് പന്തുകൾ നേരിട്ടപ്പോൾ തന്നെ പുറത്തായി. ഈ സമയം സുന്ദർ 96 റൺസുമായി മറുവശത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു

101 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. രോഹിത് ശർമ 49 റൺസും പൂജാര 17, രഹാനെ 27 റൺസുമെടുത്തു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് 4 വിക്കറ്റെടുത്തു. ആൻഡേഴ്‌സൺ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റെടുത്തു