ചാർട്ടേഡ് വിമാനങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് ഡിജിസിഎ

അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ. ഫെബ്രുവരി 15നകം റിപ്പോർട്ട് നൽകണം. ബാരാമതി ദുരന്തത്തിൽപ്പെട്ട വിഎസ്ആർ കമ്പനിയിൽ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നോയോഗിച്ചിരിക്കുന്നത്. മറ്റ് കമ്പനികളിലും ഫെബ്രുവരി 25 സുരക്ഷ ഓഡിറ്റ് പൂർത്തിയാകും. രോഹിത് പവാറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ഡിജിസിഎയുടെ നിർണായകമായ തീരുമാനം.അക്കമിട്ട സംശയങ്ങളാണ് ഗൂഢാലോചന ആരോപിക്കാന്‍ രോഹിത് പവാര്‍ മുന്നോട്ട് വച്ചത്. വിമാനം ഒരു മണിക്കൂറോളം വൈകിയാണ് മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. ഈ സമയം നേരത്തെ നിശ്ചയിച്ച രണ്ട് പൈലറ്റുമാരെയും മാറ്റി. പൈലറ്റുമാരില്‍ ഒരാള്‍ ഗതാഗതക്കുരുക്കില്‍ പെട്ടെന്നാണ് കാരണം പറഞ്ഞത്. പുലര്‍ച്ചെ എവിടെയാണ് ഗതാഗതക്കുരുക്ക്. ഒരാള്‍ വൈകിയതിന് എന്തിന് രണ്ട് പൈലറ്റ്മാരെയും മാറ്റി. മാറി വന്ന പൈലറ്റ് സുമിത് കപൂര്‍ മദ്യപിച്ച് വിമാനം പറത്തിയതിന് വിലക്ക് നേരിട്ടയാളാണ്. കടുത്ത മദ്യപാനിയെന്ന് തെളിയിക്കുന്ന വിമാനക്കമ്പനിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റും രോഹിത് പവാര്‍ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു.

അതേസമയം, ഇതേ വിമാനം 2023ല്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ വിഎസ്ആര്‍ എന്ന വിമാന കമ്പനിയെ വിലക്കിയതാണ്. ആ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും രോഹിത് പവാര്‍ പറഞ്ഞു. അനുയായികളുടെ വൈകാരിക പ്രതികരണം ഒഴിവാക്കാനാണ് ദുരന്തത്തിന് പിന്നാലെ ദുരൂഹതയില്ലെന്ന് ശരദ് പവാര്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.