പൂനെയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. അവസാന ഓവറുകളിൽ കൃനാൽ പാണ്ഡ്യയും കെ എൽ രാഹുലും ചേർന്ന് നടത്തിയ കൂറ്റനടികളാണ് ഇന്ത്യക്ക് വൻ സ്‌കോർ സമ്മാനിച്ചത്
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പതിയെയാണ് ഇന്ത്യൻ ഓപണർമാർ തുടങ്ങിയത്. പതിനാറാം ഓവറിൽ സ്‌കോർ 64ൽ നിൽക്കെ രോഹിത് ശർമ പുറത്തായി. 28 റൺസാണ് രോഹിത് എടുത്തത്. പിന്നീട് ക്രീസിലൊന്നിച്ച കോഹ്ലിയും ധവാനും ചേർന്ന് സ്‌കോർ 169ൽ എത്തിച്ചു
60 പന്തിൽ 56 റൺസുമായി കോഹ്ലി മടങ്ങി. പിന്നാലെ വന്ന ശ്രേയസ്സ് അയ്യർ 6 റൺസിന് വീണു. സ്‌കോർ 197ൽ നിൽക്കെ 98 റൺസെടുത്ത ധവാനും പുറത്തായി. 106 പന്തിൽ 11 ഫോറും രണ്ട് സിക്‌സും സഹിതമാണ് ധവാൻ 98 റൺസ് എടുത്തത്. ഹാർദിക് പാണ്ഡ്യ ഒരു റൺസുമായി മടങ്ങിയതോടെ ഇന്ത്യ 5ന് 205 റൺസ് എന്ന നിലയിലായി
പിന്നീടാണ് കൃനാൽ പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് ആരംഭിച്ചത്. അവസാന 57 പന്തുകളിൽ 112 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. പാണ്ഡ്യ 31 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 58 റൺസുമായും രാഹുൽ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം 62 റൺസുമായും പുറത്താകാതെ നിന്നു.