നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിലെ തുടർ നടപടിയിൽ സർക്കാരിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽ ഹാജരാകും. നിലവിൽ കേസിൻ്റെ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിൽ അംഗമാണ് കെ ബി സുനിൽ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസാണ് ചുമതലപ്പെടുത്തിയത്. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ അനിൽ കുമാർ അടുത്തിടെ രാജി വെച്ചിരുന്നു.
അതേസമയം കേസിൽ തുടരന്വേഷണ റിപ്പോർട്ട് നൽകില്ല. റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാവകാശം തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിൽ പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായതെന്നും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നാളെ കോടതിയെ അറിയിക്കുക.