ഐസിസി വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 155 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 40.3 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി.
ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചിടത്ത് നിന്നാണ് വിൻഡീസ് ആരംഭിച്ചത്. ഓപണർമാർ ചേർന്ന് 12 ഓവറിൽ 100 റൺസ് അടിച്ചുകൂട്ടിയിരുന്നു. പിന്നെയാണ് വിൻഡീസ് കൂട്ടത്തകർച്ചയെ നേരിട്ടത്. പിന്നീടുള്ള 28 ഓവറിൽ 62 റൺസ് മാത്രം എടുത്ത വിൻഡീസിന് നഷ്ടമായത് പത്ത് വിക്കറ്റുകളാണ്
ഓപണർമാരായ ഡീൻഡ്ര ഡോട്ടിൻ 62 റൺസും ഹെയ്‌ലി മാത്യൂസ് 43 റൺസുമെടുത്തു. ചേഡൻ നാഷൻ 19 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ മൂന്ന് വിക്കറ്റെടുത്തു. മേഘ്‌ന സിംഗ് രണ്ടും ജൂലിയൻ ഗോസ്വാമി, രാജേശ്വരി ഗെയ്ക്ക് വാദ്, പൂജ വസ്ത്രകർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ സ്മൃതി മന്ദാനയുടെയും ഹർമൻ പ്രീത് കൗറിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്. സ്മൃതി 119 പന്തിൽ 123 റൺസും ഹർമൻ 107 പന്തിൽ 109 റൺസുമെടുത്തു.