Headlines

‘സ്‌കൂളുകള്‍ക്ക് സമീപം മത്സ്യ-മാംസ വില്‍പന നിരോധിക്കും, ഇല്ലെങ്കില്‍ അത് കുട്ടികളില്‍ അക്രമവാസന വളര്‍ത്തും’; വിചിത്ര പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി

സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മത്സ്യ, മാംസ വില്‍പ്പന തടയുമെന്ന വിചിത്ര പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികള്‍ക്കിടയില്‍ അക്രമ വാസന വളര്‍ന്നുവരുന്നത് തടയാനാണ് ഇതെന്നാണ് മന്ത്രിയുടെ വിചിത്രവാദം. ആളുകളുടെ ഭക്ഷണ ശീലങ്ങളോടോ ഭക്ഷണത്തോടോ യാതൊരു എതിര്‍പ്പുമില്ലെന്നും ചില സ്ഥലങ്ങളിലെ പരസ്യ വില്‍പ്പന വിലക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. (Bihar deputy cm says meat sale near schools will be prohibited)ധാരാളം മാംസാഹാരികളുള്ള നാടാണ് ബിഹാര്‍. പ്രതിവര്‍ഷം 4,20,000 ടണ്‍ മാംസവും 9,59,000 ടണ്‍ മത്സ്യവുമാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. മത്സ്യവും മാംസവും വില്‍ക്കുന്ന ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളും തെരുവോരത്തെ ഓപ്പണ്‍ എയര്‍ വില്‍പ്പനയും തടയുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മത്സ്യ, മാംസ വില്‍പ്പന നിരോധിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.മുന്‍സിപ്പല്‍ ചട്ടത്തിന്റെ 345-ാം സെഷന്‍ പ്രകാരം മത്സ്യ, മാംസവില്‍പ്പനക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് വിജയ് സിന്‍ഹ അറിയിച്ചിരിക്കുന്നത്. ലൈസന്‍സില്ലാത്ത മാംസവില്‍പ്പനശാലകള്‍ ഉടനടി അടപ്പിക്കാന്‍ എല്ലാ പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.