🔳 ആഗോള തലത്തിൽ ആശങ്ക ഉയർത്തി റെക്കോഡ് കോവിഡ് രോഗവ്യാപനം. പത്ത് ലക്ഷത്തിനടുത്താളുകള്‍ക്കാണ് ഇന്നലെ രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതില്‍ അമേരിക്കയില്‍ മാത്രം രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലും ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
🔳പശു അമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ തന്റെ മണ്ഡലമായ വാരണാസിയില്‍ ക്ഷീരോല്‍പ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി. മുന്‍കാല സര്‍ക്കാരുകള്‍ ക്ഷീരമേഖലയേയും പശു സംരക്ഷണത്തേയും തഴഞ്ഞിരുന്നുവെന്നും മോദി വിമര്‍ശിച്ചു. ജാതി അടിസ്ഥാനത്തില്‍ മാത്രം ജനങ്ങളെ കാണുന്ന അവര്‍ക്ക് ഉത്തര്‍പ്രദേശിന്റെ വികസനം ഒട്ടും താത്പര്യമില്ലാത്ത വിഷയമാണെന്നും അവര്‍ മാഫിയകളെ സഹായിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്നുവെന്നും കുടുംബാധിപത്യം മാത്രമാണ് അവരുടെ നിഘണ്ടുവിലുള്ളതെന്നും അനധികൃതമായി സ്വത്തുവകകള്‍ സമ്പാദിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു.
🔳നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വ്യാപാര, വാണിജ്യസ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരം. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.
🔳ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കൊവിഡ്, വാക്സീനേഷന്‍ കൂട്ടണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
🔳നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. ഉത്തരാഖണ്ഡില്‍ പാര്‍ട്ടിയെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധി നേരിട്ട അസം, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.
🔳ആയിരങ്ങളുടെ കണ്ണീരും ആവേശവും നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസ് അഗ്നിയില്‍ ലയിച്ചു. പി.ടിക്ക് ഏറെ ഇഷ്ടപ്പെട്ട ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തില്‍ മക്കളായ വിവേകും വിഷ്ണുവും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. കൊച്ചി രവിപുരം ശ്മശാനത്തില്‍ തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും മധ്യത്തില്‍ സംസ്ഥാന പൊലീസ് സേനയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് തൃക്കാക്കര എംഎല്‍എ അഗ്നിയിലടങ്ങിയത്. പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമുള്‍പ്പെടെ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.
🔳മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ വാര്‍ണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു പോകുമ്പോള്‍ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്.
🔳സംസ്ഥാനത്ത് ഇന്നലെ അഞ്ച് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയര്‍ന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
🔳സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണെന്നും മന്ത്രി വ്യക്തമാക്കി.
🔳കേരളത്തില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസും എസ് ഡി പി ഐയും ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊലപാതകം നടന്നാല്‍ എസ്ഡിപിഐക്ക് ആഹ്ളാദമാണെന്നും കോടിയേരി പറഞ്ഞു.
🔳കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ പേരിലാണ് കണ്ണൂര്‍ വിസിക്ക് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാല്‍ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.
🔳ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി വാഹനം എത്തിച്ചു നല്‍കിയതിന് പുറമേ ഗൂഡാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
🔳കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷന്‍ അധ്യക്ഷയായി എന്‍.സി.പി. നേതാവ് ലതിക സുഭാഷിനെ നിയമിച്ചു. തിങ്കളാഴ്ച ചുമതലയേറെറടുക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റാണ്.
🔳പാണത്തൂരില്‍ തടി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം. പാണത്തൂര്‍ പരിയാരത്ത് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ കെ ബാബു, എംകെ മോഹനന്‍ (40), വെങ്കപ്പു എന്ന സുന്ദരന്‍ (47), നാരായണന്‍ (53) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം മരം കയറ്റാന്‍ വന്ന തൊഴിലാളികളാണ്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അതീവ ഗുരുതരമായി പരിക്കേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട സമയത്ത് ഒന്‍പത് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
🔳പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും കര്‍ണാടക മതപരിവര്‍ത്തന നിരോധനബില്ല് പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയത്. ബില്ല് പാസാക്കല്‍ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.
🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്‌വാദ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ ഈ മാസം ആദ്യമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
🔳ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബില്‍ അതീവജാഗ്രത നിര്‍ദ്ദേശം.ഇന്നലെ എന്‍എസ് ജി സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്ഫോടകവസ്തുക്കള്‍ സംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിട്ടേക്കും. സംഭവത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭീകരാക്രണമാണ് നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് പിന്നില്‍ ഖലിസ്ഥാന്‍ സംഘടനയാണെന്ന് റിപ്പോര്‍ട്ടുകള്‍.
🔳പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തില്‍ സുരക്ഷാ പരിശോധന കൂട്ടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികള്‍ പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി പ്രതികരിച്ചു.
🔳ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ച ഉന്നതതല യോഗം ഇന്ന്. പാര്‍ട്ടി തന്നെ അവഗണിച്ചെന്ന് തുറന്നടിച്ച ഹരീഷ് റാവത്തിന്റെ ട്വീറ്റിന് പിന്നാലെയാണ് യോഗം. യോഗത്തിന് എത്താന്‍ ഹരീഷ് റാവത്തിനെ കൂടാതെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പ്രീതം സിങ്, സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, യശ്പാല്‍ ആര്യ എന്നിവരോടും നിര്‍ദ്ദേശമുണ്ട്. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം.
🔳ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുപി നിയമസഭ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടിവയ്ക്കുന്നതാലോചിക്കണമെന്ന് കോടതി നിര്‍ദേശം. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അലഹബാദ് ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്. ജീവനുണ്ടെങ്കില്‍ ഭാവിയിലും തെരഞ്ഞെടുപ്പും റാലികളും നടത്താമെന്ന് കോടതി നിരീക്ഷിച്ചു.
🔳സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോണ്‍ . 2019 ലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമന്‍ കോടതിയിലേക്ക് എത്തിയത്. 3.4 ബില്യണ്‍ ഡോളറിന് ഫ്യൂചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ആസ്തികള്‍ റിലയന്‍സിന് വില്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ആമസോണ്‍ കോടതി കയറിയത്. ഇതാണിപ്പോള്‍ എന്‍ഫോഴ്സെമെന്റിനെതിരായ പോരിലേക്ക് എത്തിയിരിക്കുന്നത്.
🔳ലോക ഹോക്കി റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം മൂന്നാം സ്ഥാനത്ത്. 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്. ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ബെല്‍ജിയം ആണ് ഇന്ത്യക്ക് മുന്നില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.
🔳ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ് സിക്കെതിരെ സമനില വഴങ്ങിയെങ്കിലും 12 പോയന്റുമായി ഹൈദരാബാദ് എഫ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഈസ്റ്റ് ബംഗാളിനായി അമീര്‍ ഡെര്‍വിസെവിച്ചും ഹൈദരാബാദിനായി ബര്‍തൊലോമ്യു ഒഗ്ബെച്ചെയുമാണ് ഗോളുകള്‍ നേടിയത്.
🔳ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത് അടിമുടി മാറ്റത്തോടെ. ടീമിന്റെ പരിശീലക- സപ്പോര്‍ട്ട് സ്റ്റാഫ് നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ്. ടോം മൂഡി, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, ഡെയില്‍ സ്റ്റെയ്ന്‍, സൈമണ്‍ കാറ്റിച്ച്, ഹേമങ് ബദാനി എന്നിവരെല്ലാം ഉള്‍പ്പെടുന്ന വന്‍നിരയാണ് ഹൈദരാബാദിന്റെ കോച്ചിംഗ് സംഘത്തിലുളളത്. കെയ്ന്‍ വില്യംസണാണ് ടീമിന്റെ ക്യാപ്റ്റന്‍. ഐപിഎല്ലിന് മുമ്പായുള്ള താരലേലം ഈ ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് ഹൈദരാബാദ് വരാന്‍ പോകുന്ന പൂരത്തിന്റെ സൂചന നല്‍കിയത്.
🔳ഇന്ത്യന്‍ ഏകദിന ടീമിന്റെ നായക സ്ഥാനത്തു നിന്ന് വിരാട് കോലിയെ മാറ്റിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ക്യാപ്റ്റനെ മാറ്റിയ വിഷയത്തില്‍ വിരാട് കോലി അദ്ദേഹത്തിന്റെ ഭാഗം വിശദീകരിച്ചുവെന്നും ഇനി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് അദ്ദേഹത്തിന്റെ ഭാഗം പറയേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു. നല്ല രീതിയില്‍ ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ വിരാട് കോലി വിഷയം കുറച്ചു കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ 55,631 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 269 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,861 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3427 പേര്‍ രോഗമുക്തി നേടി. ഇതോടെ 26,605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസര്‍ഗോഡ് 49.
🔳ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്താളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 2,50,597 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,19,789 പേര്‍ക്കും റഷ്യയില്‍ 25,667 പേര്‍ക്കും ഫ്രാന്‍സില്‍ 91,608 പേര്‍ക്കും ജര്‍മനിയില്‍ 39,196 പേര്‍ക്കും സ്പെയിനില്‍ 72,912 പേര്‍ക്കും ഇറ്റലിയില്‍ 44,595 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 21,156 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.84 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.38 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,021 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 910 പേരും റഷ്യയില്‍ 1,002 പേരും ജര്‍മനിയില്‍ 402 പോളണ്ടില്‍ 616 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.92 ലക്ഷമായി.
🔳ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഒരു പ്രധാന വര്‍ഷമാണ് കടന്നു പോവുന്നത്. ഇതുവരെ 42 സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണായി മാറിയത്. 2021ല്‍ യുണികോണായി മാറിയ കമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാമതാണ്. യുകെയെ ആണ് ഇന്ത്യ പിന്തള്ളിയത്. 15 സ്റ്റാര്‍ട്ടപ്പുകളാണ് യുകെയില്‍ നിന്ന് ഈ വര്‍ഷം യുണികോണായി മാറിയത്. 2020ല്‍ ഇന്ത്യ പട്ടികയില്‍ നാലാമതായിരുന്നു. ആകെ യുണികോണുകളുടെ എണ്ണത്തിലും ഇന്ത്യ യുകെയെ മറികടന്നു. നിലവില്‍ 79 യുണികോണുകളാണ് രാജ്യത്തുള്ളത്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയരുന്ന കമ്പനികളാണ് യുണിക്കോണുകള്‍.
🔳ആഗോള ടെക്ക് കമ്പനിയായ എച്ച്പി ഇന്ത്യയില്‍ ലാപ്പ്ടോപ്പ് നിര്‍മാണം ആരംഭിച്ചു. ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനി ഫ്‌ലക്സ് ആണ് എച്ച്പിക്കായി ഇന്ത്യയില്‍ ലാപ്ടോപ്പുകള്‍ നിര്‍മിക്കുന്നത്. ഫ്‌ലക്സിന്റെ ശ്രീപെരുമ്പത്തുരിലെ (തമിഴ്നാട്) ഫാക്ടറിയിലാണ് നിര്‍മാണം. ലാപ്ടോപ്പുകള്‍ക്ക് പുറമെ ഡെസ്‌ക്ടോപ്പ്ടവര്‍, മിനി ഡെസ്‌ക്ടോപ്പ്, മോണിറ്റര്‍ തുടങ്ങിയവയും എച്ച്പി ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയായ ഡിക്സണ്‍ ടെക്നോളജീസ് ലാപ്ടോപ്പ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കാന്‍ പുതിയ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.
🔳ധനുഷിന്റെ ദ്വിഭാഷാ ചിത്രമായ ‘വാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. തെലുങ്കിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുക. തെലുങ്കില്‍ ‘സര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ ആദ്യതെലുങ്ക് ചിത്രം കൂടിയാണിത്. വിജയ് ചിത്രം മാസ്റ്ററിലെ തരംഗമായ പാട്ട് ‘വാത്തി കമ്മിംഗി’ന്റെ പേര് നല്‍കിയിരിക്കുന്നത് കൊണ്ട് തന്നെ ധനുഷിന്റെ പുതിയ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
🔳രണ്‍വീര്‍ സിംഗ് നായകനാകുന്ന ചിത്രമാണ് ’83’. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥയാണ് ’83’ പറയുന്നത്. ഇപോഴിതാ 83 എന്ന ചിത്രത്തിന് നികുതി ഒഴിവാക്കിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് ’83’ എത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തുന്നത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയാണ് അഭിനയിക്കുന്നത്.
🔳ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആദ്യ കോംപാക്റ്റ് എസ്യുവിയായ വെന്യു ഇന്ത്യയില്‍ 2,50,000 യൂണിറ്റ് എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. വിപണിയില്‍ എത്തി 31 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നാഴികക്കല്ല് പിന്നിടുന്നത്. 6.50 ലക്ഷം രൂപയില്‍ തുടങ്ങി 11.10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിലായിരുന്നു 2019 മെയ് 21ന് രാജ്യത്ത് ഹ്യുണ്ടായി വെന്യുന്റെ ആദ്യാവതരണം. വിപണിയില്‍ അവതരിപ്പിച്ച് ആദ്യത്തെ ആറ് മാസങ്ങളില്‍ വാഹനം 50,000 വില്‍പ്പന നേടി എന്നാണ് കണക്കുകള്‍. ലോഞ്ച് ചെയ്തത് മുതല്‍ 2021 നവംബര്‍ അവസാനം വരെ, വെന്യു 1,81,829 പെട്രോളും 68,689 ഡീസല്‍ വേരിയന്റുകളും ഉള്‍പ്പെടെ 2,50,518 യൂണിറ്റ് വില്‍പ്പന നടത്തി എന്നാണ് കണക്കുകള്‍.
🔳ചോര മണക്കുന്ന രണ്ടു കഥകളുടെ നടുക്കാണ് ഈ പുസ്തകത്തിലെ മറ്റു കഥകള്‍ അടുക്കിവച്ചിട്ടുള്ളത്. പശ്ചാത്താപമേതുമില്ലാതെ ആളുകളെ കൊല്ലുന്നത് ഒരു സാധാരണ ദിനകൃത്യവും ഔദ്യോഗിക കൃത്യവും ആയിവരുന്ന മനോഭാവം ഇന്ത്യയിലും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഈ കഥകള്‍ അതാണു കാണിച്ചുതരുന്നത്. ‘ഷോമാന്‍’. സുനീഷ് കൃഷ്ണന്‍. മനോരമ ബുക്സ്. വില 161 രൂപ.
🔳കഴിക്കുന്ന ആഹാരത്തില്‍ കരുതലുണ്ടെങ്കില്‍ കൊളസ്ട്രോളിനെ ഭീതിയോടെ നോക്കികാണേണ്ടതില്ല. അതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. പ്രതിതിദിന കാലറിയുടെ 25 മുതല്‍ 35 ശതമാനം ആകണം പരമാവധി കൊഴുപ്പില്‍ നിന്നു ലഭ്യമാകേണ്ടത്. ഒരു വ്യക്തി കഴിക്കുന്ന ആകെ കൊഴുപ്പും പൂതിത കൊഴുപ്പും പരിമിതപ്പെടുത്തണം. പൂരിത കൊഴുപ്പാണ് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ ലെവല്‍ കൂട്ടുന്നത്. ദൈനംദിന കാലറിയുടെ ഏഴു ശതമാനത്തില്‍ താഴെ ആകണം പൂരിത കൊഴുപ്പിന്റെ അളവ്. റെഡ് മീറ്റ്, ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ചോക്ലേറ്റ്, ബേക്കറി ഉല്‍പന്നങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇവയിലെല്ലാം കാണുന്നത് പൂരിത കൊഴുപ്പാണ്. കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി കരള്‍, മറ്റ് അവയവ മാംസം, മുട്ടയുടെ മഞ്ഞ, ചെമ്മീന്‍, കൊഴുപ്പേറിയ പാല്‍, പൊരിച്ചതും വറുത്തതുമായ ആഹാരം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. നാരടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നതുവഴി ദഹനനാളത്തില്‍ കൊളസ്ട്രോള്‍ ആഗിരണം ചെയ്യു്നനതു കുറയ്ക്കുവാന്‍ സാധിക്കും. പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നമ്മുടെ ഭക്ഷണത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന സംയുക്തങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. ഇവ ഹൃദയത്തെ രക്തം കട്ട പിടിക്കുന്നതില്‍ നിന്നും വീക്കത്തില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതിനായി സാല്‍മണ്‍, അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ്, വാല്‍ നട്സ് എന്നിവയും കഴിക്കാം.
*ശുഭദിനം*
ആ വീട്ടിലെ എല്ലാ ചടങ്ങുകളിലും വീട്ടുകാര്‍ ആ വീട്ടിലെ വയസ്സായ സ്ത്രീയെകൂടി പങ്കെടുപ്പിക്കുമായിരുന്നു. മാത്രമല്ല, വര്‍ഷം തോറും പോകാറുള്ള വിനോദയാത്രയിലും അവരെ ഉള്‍പ്പെടുത്തുമായിരുന്നു. വയസ്സായ സ്ത്രീ. ഒറ്റയ്ക്ക് ജീവിക്കുന്നു. ഇത്തരം യാത്രകളും ചടങ്ങുകളും അവരെ സന്തോഷിപ്പിക്കും എന്ന് വീട്ടുകാര്‍ വിശ്വിസിച്ചു. പക്ഷേ, ഇത്തവണ വിനോദയാത്രപോകുമ്പോള്‍ അവരെ ആ വിവരം നേരത്തെ അറിയിക്കാന്‍ വീട്ടുകാര്‍ മറന്നുപോയി. തലേദിവസം നാളത്തെ യാത്രയ്ക്ക് തയ്യാറാകാന്‍ പറയാന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ താമസിച്ചുപോയി. ഇത്തവണ ഞാന്‍ വരുന്നില്ല. എന്നെ കൊണ്ടുപോകാതെ പോകുന്നത് കൊണ്ട് നിങ്ങളുടെ വാഹനം അപകടത്തില്‍പെടാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുപോയി. താന്‍ ഇല്ലാത്ത ലോകം മറ്റാര്‍ക്കും ആസ്വാദ്യകരമാകരുത് എന്ന് സ്വാര്‍ത്ഥചിന്തയുടെ നിഗൂഢതയിലാണ് പലരും ജീവിക്കുന്നത്. താനായിരുന്നു അവരുടെ ജീവിതത്തിലെ ആണിക്കല്ല്, തന്റെ സാന്നിധ്യമാണ് ഇവരുടെയല്ലാം ഇത്രയും കാലത്തെ ജീവിതത്തെ പരിപൂര്‍ണ്ണമാക്കിയത് എന്നുള്ള പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാനാണ് ഓരോരുത്തരുടേയും ആഗ്രഹം. പക്ഷേ, ആരും ഒരിടത്തും അനിവാര്യമല്ല എന്നതാണ് സത്യം. ആരുമില്ലെങ്കിലും പ്രകൃതി അതിന്റെ യാത്ര തുടരുക തന്നെ ചെയ്യും. പല കാരണങ്ങള്‍ കൊണ്ടാണ് പലരും മറ്റുള്ളവരെ തങ്ങളുടെ ജീവിത്തിന്റെ അവിഭാജ്യഘടകങ്ങളായി പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു കാരണത്തിന്റെ പ്രാധാന്യം കുറയുന്നതിനനുസരിച്ച് പരിഗണനയും കുറയുന്നത് കാണാം. സ്‌നേഹവും അംഗീകാരവും ആര്‍ക്കും പിടിച്ചുവാങ്ങാവുന്നതല്ല, ഇനി പിടിച്ചുവാങ്ങുന്ന സ്‌നേഹത്തിനും അംഗീകാരത്തിനും ആയുസ്സും കുറവായിരിക്കും. നമുക്ക് അര്‍ഹിക്കുന്നതെല്ലാം ലഭിക്കണമെന്നില്ല,. അതുപോലെ തന്നെ ആഗ്രഹിക്കുന്നവയെല്ലാം ലഭിക്കണമെന്നുമില്ല. നമുക്ക് നഷ്ടപ്പെട്ടതിന്റെയല്ല, നമുക്ക് ലഭിച്ചതിന്റെ കണക്കുകളില്‍ സന്തോഷം കണ്ടെത്താന്‍ ശീലിക്കാം