🔳ഒടുവില്‍ ഇന്ത്യയിലും ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേരില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാളാണ് രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. 66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ വിദേശ പൗരനും ബെംഗളൂരുവിലെ ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം.
🔳കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് എങ്ങനെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു എന്നതില്‍ ആശങ്കയുണ്ട്. ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് പേരുടെ പരിശോധന ഫലം കൊവിഡ് പോസിറ്റീവായി . ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനക്കായി അയച്ചു. അതേസമയം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ ഫലം വരും മുമ്പേ ഇന്ത്യ വിട്ടു. 66കാരനായ ഇയാള്‍ ദുബൈയിലേക്കാണ് പോയത്.
🔳ഒമിക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍, രോഗം അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചുരുങ്ങിയത് 24 രാജ്യങ്ങളില്‍ ഒമിക്രോണ്‍ എത്തിപ്പെട്ടിട്ടുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരം. മുന്‍പുണ്ടായ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് പൂര്‍ണമായും മോചിതമാകാത്ത പശ്ചാത്തലത്തില്‍ ഒമിക്രോണിന്റെ വരവ് പുതിയ നിയന്ത്രണങ്ങള്‍ക്ക് വഴിവെച്ചേക്കുമോ എന്ന ഭയത്തെ തുടര്‍ന്നാണിത്.
🔳ലോകരാജ്യങ്ങള്‍ എല്ലാ വര്‍ഷവും പൗരന്മാര്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കേണ്ടി വരുമെന്ന് ഫൈസര്‍ മേധാവി ഡോക്ടര്‍ ആല്‍ബര്‍ട്ട് ബോര്‍ല. ഉയര്‍ന്ന പ്രതിരോധ ശേഷി സമൂഹത്തില്‍ ഉണ്ടാകണമെങ്കില്‍ എല്ലാ വര്‍ഷവും ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കേണ്ടി വരും. ബ്രിട്ടന്‍ ഇതിനോടകം രണ്ടു വര്‍ഷത്തേക്കുള്ള വാക്സീന്‍ സംഭരിച്ചു കഴിഞ്ഞുവെന്നും ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തെക്കൂടി പ്രതിരോധിക്കുന്ന വാക്സീന്‍ വികസിപ്പിക്കാന്‍ ഫൈസര്‍ ശ്രമം തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. എല്ലാ വര്‍ഷവും വാക്സീന്‍ എന്ന അഭിപ്രായവുമായി അമേരിക്കന്‍ ആരോഗ്യ ഡയറക്റ്റര്‍ ആന്റണി ഫൗച്ചിയും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വൈറസിന് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ വര്‍ഷവും വാക്സീന്‍ വേണ്ടി വരുമെന്ന് ഫൗച്ചി പറഞ്ഞു.
🔳സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് 1289 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ഭവന-നഗരകാര്യ മന്ത്രി കൗശല്‍ കിഷോറാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. പുതിയ പാര്‍ലമെന്റ്, സെന്‍ട്രല്‍ വിസ്ത പുനര്‍ വികസനം, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കെട്ടിടങ്ങളുടെ നിര്‍മാണം, വൈസ് പ്രസിഡന്റ് വസതി എന്നിവ മാത്രമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉള്‍പ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
🔳രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.
🔳ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാക്സീന്‍ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സര്‍ക്കാര്‍. വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ ഇടവേളയ്ക്ക് ശേഷം തിരക്ക് കൂടിയതായും ആദ്യഡോസ് എടുക്കുന്നുവരുടേയും രണ്ടാം ഡോസുകാരുടേയും എണ്ണം കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എട്ട് ദിവസത്തെ കണക്കുകള്‍ താരതമ്യം ചെയ്താണ് ആരോഗ്യമന്ത്രി വാക്സീനേഷനിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയത്.
🔳തിരുവല്ലയില്‍ സിപിഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് (32) കുത്തിക്കൊന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
🔳 സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ്സെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ബിജെപി വിട്ട് പല പ്രവര്‍ത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണിതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.
🔳മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകള്‍ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി. വേണ്ടത്ര മുന്നറിപ്പ് നല്‍കിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പകല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാവൂ. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ യോജിച്ചുള്ള പദ്ധതികള്‍ ആവശ്യമെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു.
🔳വഖഫ് ബോര്‍ഡിലെ നിയമന വിഷയം പള്ളികളില്‍ ചര്‍ച്ചയാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോള്‍ എന്തോ അവസരം കിട്ടിയെന്ന രീതിയില്‍ മുസ്ലീംലീഗ് ഇറങ്ങി തിരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഖഖഫ് ബോര്‍ഡില്‍ മുസ്ലീം മതവിശ്വാസികളെ മാത്രമേ നിയമിക്കൂ എന്ന് വ്യവസ്ഥയുണ്ടെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കി മാറ്റിയാല്‍ എന്തായാരിക്കും അതിന്റെ പ്രത്യാഘാതം എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗിന്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയാണെന്നും മതനിരപേക്ഷതക്ക് പോറലേല്‍പിക്കുന്ന ഒരു നീക്കവും ഉണ്ടാകാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.
🔳വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. സമസ്തയിലെ തന്നെ മുസ്ലീം ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും അത് സര്‍ക്കാര്‍ ചെയ്യുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
🔳പെരിയ രാഷ്ട്രീയ കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുപ്രസിദ്ധ തീവവാദ സംഘടനകളെ പോലെ ക്രൂരമായി കൊലനടത്തുന്ന സംഘടനയാണ് സിപിഎം. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി. എത്രകോടി രൂപയാണ് കേസിന് വേണ്ടി ഖജനാവില്‍ നിന്ന് ചിലവ് ചെയ്തത്. പാര്‍ട്ടി പറഞ്ഞ് കൊലപാതകം നടത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടക്കിയത് പാര്‍ട്ടി നേതാക്കള്‍ പ്രതിയാകുമെന്ന് ഭയന്നാണെന്നും സതീശന്‍ പറഞ്ഞു.
🔳ഇന്ധനവില വര്‍ദ്ധനയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക മിനിമം ആറ് രൂപയെങ്കിലുമാക്കണമെന്ന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയധികം തുക കൂട്ടുന്നത് നിലവില്‍ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കി. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്റണി രാജുവുമായും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുമായും നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാടറിയിച്ചത്. നിലവില്‍ ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ തുക.
🔳ബിനോയ് കോടിയേരി കേസില്‍ തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡി.എന്‍.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാര്‍ യുവതി ബോംബെ ഹൈക്കോടതിയില്‍. ഇന്നലെ കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി.
🔳പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ മൂന്നാമത്തെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാറാണ് അറസ്റ്റിലായത്. അതിനിടെ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളുടെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു. മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചു
🔳മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ തൊഴിലസരങ്ങള്‍ സൃഷ്ടിക്കുന്ന ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ നോര്‍ക്കയും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍് ഏജന്‍സിയും ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിലെ പ്രധാന വ്യവസായവത്കൃത രാജ്യങ്ങളിലൊന്നായ ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിനു വഴി തുറന്നിരിക്കുകയാണ് ഈ പദ്ധതി. കൊവിഡാനന്തരം പതിനായിരക്കണക്കിന് ഒഴിവുകളാണ് ജര്‍മ്മനിയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 8500ലധികം നഴ്സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ടെന്നും ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി.
🔳സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധന നിയന്ത്രിക്കാന്‍ തമിഴ്നാട്ടിലെ തെങ്കാശിയിലെ 6000 കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വിലയ്ക്ക് അനുസരിച്ചാവും പച്ചക്കറികള്‍ സംഭരിക്കുക. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ ശേഖരിക്കുന്നതോടെ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്താനും കേരളത്തിലെ പൊതുവിപണിയില്‍ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാനും സാധിക്കുമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതരുടെ പ്രതീക്ഷ.
🔳 കോണ്‍ഗ്രസിനെ ഒഴിവാക്കിയുളള പ്രതിപക്ഷമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ തകര്‍ത്ത് പ്രതിപക്ഷത്തെ ദുര്‍ബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമതയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് 20 % വോട്ടും ടി എം സിക്ക് 4 % വോട്ടുമാണുള്ളതെന്നിരിക്കെ കോണ്‍ഗ്രസ് ഇല്ലാതെ മോദിക്കെതിരെ പോരാടാന്‍ മമതയ്ക്ക് ആകുമോയെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
🔳കഴിഞ്ഞ സീസണിലെ സമനില കുരുക്ക് അഴിക്കാന്‍ ഇത്തവണയും ജംഷഡ്പൂരിനും ഹൈദരാബാദിനുമായില്ല. ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ് സി ഇത്തവണയും സമനില കളി തുടര്‍ന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
🔳കേരളത്തില്‍ ഇന്നലെ 59,702 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 254 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,855 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 205 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4128 പേര്‍ രോഗമുക്തി നേടി. ഇതോടെ 44,376 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97.
🔳ആഗോളതലത്തില്‍ ഇന്നലെ 6,33,155 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 90,065 പേര്‍ക്കും ഇംഗ്ലണ്ടില്‍ 53,945 പേര്‍ക്കും റഷ്യയില്‍ 33,389 പേര്‍ക്കും തുര്‍ക്കിയില്‍ 21,747 പേര്‍ക്കും ഫ്രാന്‍സില്‍ 48,416 പേര്‍ക്കും ജര്‍മനിയില്‍ 73,486 പേര്‍ക്കും പോളണ്ടില്‍ 27,356 പേര്‍ക്കും നെതര്‍ലണ്ട്സില്‍ 23,043 പേര്‍ക്കും ചെക്ക് റിപ്പബ്ലികില്‍ 21,126 പേര്‍ക്കും ബെല്‍ജിയത്തില്‍ 20,409 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.06 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,426 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 863 പേരും റഷ്യയില്‍ 1,221 പേരും ജര്‍മനിയില്‍ 415 പേരും പോളണ്ടില്‍ 570 പേരും ഉക്രെയിനില്‍ 357 പേരും പോളണ്ടില്‍ 502 പേരും ഉക്രെയിനില്‍ 525 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.48 ലക്ഷമായി.
🔳ലോക പ്രശസ്ത വിനോദ കമ്പനിയായ വാള്‍ട്ട് ഡിസ്‌നിക്ക് ആദ്യമായി ഒരു വനിത ചെയര്‍മാന്‍. ഡിസംബര്‍ 31നാണ് കമ്പനിയുടെ പുതിയ ചെയര്‍മാനായി സൂസന്‍ അര്‍ണോള്‍ഡ് സ്ഥാനമേല്‍ക്കുക. 98 വര്‍ഷത്തില്‍ ആദ്യമായാണ് വാള്‍ട്ട് ഡിസ്‌നിക്ക് ഒരു വനിത ചെയര്‍മാന്‍. 2018 മുതല്‍ കമ്പനിയുടെ സ്വതന്ത്ര ലീഡ് ഡയറക്ടര്‍മാരില്‍ ഒരാളാണ് സൂസന്‍. റോബര്‍ട്ട് എ ഇഗറിന്റെ പിന്‍ഗാമിയായാണ് സൂസന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുക. ഡിസ്‌നിയിലെ 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇഗറിന്റെ പടിയിറക്കം. 2020ല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നു.
🔳ഇനി മുതല്‍ വാട്സ്ആപ്പ് വഴിയും യൂബര്‍ ബുക്ക് ചെയ്യാം. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം യൂബറും വാട്സ്ആപ്പും നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇരു കമ്പനികളും ചേര്‍ന്ന് നടത്തി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. യൂബര്‍ ട്രിപ്പുകള്‍ എടുക്കുന്നത് കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗാമായാണ് പുതിയ നീക്കം. യൂബറിന്റെ ഒഫിഷ്യല്‍ വാട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ബുക്കിങ് സേവനമുള്ളത്.
🔳പുരസ്‌കാര പെരുമയിലൂടെ പ്രേക്ഷക ചര്‍ച്ചകളില്‍ ഇടം നേടിയ ഡോക്യുമെന്ററിയാണ് ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’. ഇതിഹാസ പുരുഷനായും വിവാദ നായകനായും ചരിത്രത്തില്‍ ഇടമുള്ള വേലുത്തമ്പി ദളവയെ കുറിച്ചുള്ളതാണ് ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’. മൂന്ന് ദേശീയ പുരസ്‌കാരവും രണ്ട് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’ യൂട്യൂബിലൂടെ ഇനി കാണാം. നടി മഞ്ജു വാര്യരാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ചരിത്ര രേഖകളിലുള്ളതും വെളിവാകാത്തതുമായ വേലുത്തമ്പി ദളവയെയാണ് ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
🔳ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിലെ രക്ഷകരുടെ കഥ വെബ് സീരീസാകുന്നു. ഇന്ത്യയുടെ കണ്ണീരോര്‍മയായ ദുരന്തത്തിന്റെ കഥ പറയുന്ന സീരിസ് ‘ദ റെയില്‍വേ മാനി’ല്‍ ആര്‍ മാധവനാണ് പ്രധാന ഒരു കഥാപാത്രമായി എത്തുന്നത്. ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ബോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
സീരീസ് അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോന്‍ എന്ന കൃഷ്ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്.
🔳അഡ്വഞ്ചര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പും വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. സ്‌ക്രാം 411 എന്ന പേരിലായിരിക്കും ഈ ബൈക്ക് എത്തുക.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ബജറ്റ് ബൈക്ക് മോഡലായിരിക്കും സ്‌ക്രാം 411 എന്നാണ് വിവരം. 2022 ഫെബ്രുവരിയില്‍ ഈ മോഡല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.
🔳കൊലക്കയറിന്റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴല്‍പ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു. ‘കൊലക്കയറിന്റെ കുരുക്കുവരെ’. യശ്പാല്‍. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
🔳കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വരവോടെ ഈ സമയത്ത് ഓരോ ആളുകളും പ്രതിരോധിശേഷി വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. വ്യായാമം രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. വ്യായാമം ചെയ്യുന്നത് സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും മാത്രമല്ല ആരോഗ്യമുള്ളവരായിരിക്കുന്നതിനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. വ്യായാമം ശ്വാസകോശങ്ങളില്‍ നിന്നും ശ്വാസനാളങ്ങളില്‍ നിന്നും ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിച്ചേക്കാം. ഇത് ജലദോഷം, പനി അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. വ്യായാമം ആന്റിബോഡികളിലും വെളുത്ത രക്താണുക്കളിലും മാറ്റം വരുത്തുന്നു. രോഗത്തിനെതിരെ പോരാടുന്ന ശരീരത്തിന്റെ പ്രതിരോധ സംവിധാന കോശങ്ങളാണ് വെളുത്ത രക്താണുക്കള്‍. വെള്ളം കുടിക്കുന്നത് വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നത് തടയാനും രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതിരിക്കാനും സഹായിക്കും. ഉറക്കം രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നു. തൈര് പോലെയുള്ള നല്ല ബാക്ടീരിയകളുള്ള ഭക്ഷണങ്ങള്‍ക്ക് നല്ല ആരോഗ്യ ഗുണങ്ങളുണ്ട്. പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ സാധാരണ നിലയിലാക്കാനും സന്തുലിതമായിരിക്കാനും സഹായിക്കും. പഴങ്ങളും പച്ചക്കറികളിലും ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. അത് രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.
ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്നായിരുന്നു. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആരിലും അസൂയ ജനിപ്പിക്കുന്ന ഒന്നായിരുന്നു. പക്ഷേ, കുറച്ച് കാലത്തിന് ശേഷം അയാള്‍ ആ കമ്പനിയില്‍ നിന്നും രാജിവെച്ചു. എല്ലാവരും അയാളോട് ചോദിച്ചു: ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഈ ജോലി രാജിവെച്ചത്? ഇത്ര വലിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇനി എവിടെയാണ് ലഭിക്കുക? അയാള്‍ക്ക് ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. അയാള്‍ പറഞ്ഞു: കമ്പനിയുടെ മരുന്ന് നിര്‍മ്മാണത്തില്‍ ധാര്‍മ്മിക പ്രശ്‌നങ്ങളുണ്ട്. മരുന്നുകള്‍ ധാരാളം പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഞാന്‍ ഇതിനെതിരെ ഒരുപാട് പ്രതികരിച്ചെങ്കിലും അവര്‍ ഒന്നും ചെയ്തില്ല. എനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഞാന്‍ രാജിവെച്ചു. അനന്തരഫലം എന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് ഓരോ കര്‍മ്മത്തിന്റെയും അനുയോജ്യതയും പ്രയോജനവും തീരുമാനിക്കപ്പെടുന്നത്. തങ്ങള്‍ നിരന്തരം ചെയ്യുന്ന പ്രവൃത്തികളിലൂടെയാണ് ഓരോരുത്തരും അവരവരായിത്തീരുന്നത്. ഈ പ്രവൃത്തിയുടെ ഉദ്ദേശമെന്ത് ? ഈ കര്‍മ്മം എന്നെ എന്താക്കി തീര്‍ക്കും? ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെടുമോ അതോ ഹാനികരമാകുമോ? ഇതു ചെയ്യാതിരുന്നാല്‍ എന്തെങ്കിലും നഷ്ടം സംഭവിക്കുമോ തുടങ്ങിയ വിചാരങ്ങളിലൂടെ വേണം ഓരോ പ്രവൃത്തിയും രൂപീകരിക്കാന്‍. കാര്യങ്ങള്‍ ശരിയായി ചെയ്യുന്നതും ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നതും വ്യത്യാസമുണ്ട്. ഒരു കാര്യം ശരിയായി ചെയ്യുന്നതില്‍ അതിന്റെ പ്രക്രിയ മാത്രമാണ് പ്രധാനം. അതിന്റെ ഉദ്ദേശത്തിലോ ഫലത്തിലോ ശരിയുണ്ടാകണമെന്നില്ല. എന്നാല്‍ ശരിയായ ഒരു കാര്യം മാത്രം ചെയ്യണമെങ്കില്‍ ലക്ഷ്യവും മാര്‍ഗ്ഗവും ഒരു പോല ശുദ്ധമായിരിക്കണം. ശരി മാത്രം ചെയ്യുന്നവരെ ആര്‍ക്കും വാടകയ്ക്ക് എടുക്കാന്‍ സാധിക്കില്ല. ഒരു കര്‍മ്മം തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക് സ്വന്തം മുന്‍ഗണനകളിലൂടെ സഞ്ചരിക്കാനാകട്ടെ