രാജ്യത്ത് കൂടുതൽ പേരിലേക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ വിശദ പരിശോധന ഫലം കൂടി വരാനുണ്ട്. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തിയവരുടെ നിരീക്ഷണം ശക്തമാക്കി
രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയത്. ഒമിക്രോൺ ബാധിത രാജ്യങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തിയ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവർത്തിച്ചു.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന് കർണാടകയും ആവശ്യപ്പെട്ടു. കൊവിഡിന്റെ പുതിയ പ്രതിരോധ വാക്‌സിനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, യുപി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ഇത് വിതരണം ചെയ്യുക