കോവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലെെ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച്‌ ആലോചിക്കുക.

ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകള്‍ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സംസ്ഥാനത്ത് എല്ലായിടത്തും രോഗവ്യാപനം ഒരുപോലെയല്ല. രോഗവ്യാപനം കുറവുള്ള സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌കൂളുകള്‍ തുറക്കുന്നതും ആലോചനയിലുണ്ട്.എന്നാല്‍, സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകള്‍ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവില്‍ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല. പല സ്‌കൂളുകളും കോവിഡ് ചികിത്സയ്‌ക്കും ക്വാറന്റെെനുമായി ഉപയോഗിക്കുന്നുണ്ട്. മഴ കനത്താല്‍ പലയിടത്തും സ്‌കൂളുകളാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുക. ഇത്തരം വിഷയങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കുക. സംസ്ഥാനത്തിപ്പോള്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നടക്കുന്നത്. എന്നാല്‍, ഓണ്‍ലെെന്‍ അധ്യയനത്തിനു ന്യൂനതകളുണ്ടെന്നാണ് പല മാതാപിതാക്കളും അഭിപ്രായപ്പെടുന്നത്.

അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാനദണ്ഡം പ്രഖ്യാപിച്ചേക്കും. ജൂലെെ വരെ അടഞ്ഞുകിടക്കണം എന്നതു ഓഗസ്റ്റിലേക്ക് നീട്ടാനാണ് സാധ്യത. രാജ്യത്തും കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഓഗസ്റ്റോടെ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.