രാജ്യത്ത് 21 ദിവസം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡിനെ ചെറുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മൂന്നാഴ്ചയോ അതിലധികം സമയമോ ഇതിനായി വേണ്ടി വരും.
വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കൊവിഡ് വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം 4100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശയും ലോക്ക് ഡൗൺ തീരുമാനത്തിൽ നിർണായകമാണ്. ഇതിന് മുന്നോടിയായാണ് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ഹർഷവർധൻ ചർച്ച നടത്തിയത്.