റേഷൻ വിതരണത്തിൽ ക്രമക്കേട്: മൂന്നാറിൽ റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി

കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിൽ ക്രമക്കേട് കാണിച്ച മൂന്നാർ കോളനിയിലെ 114ാം നമ്പർ റേഷൻ കടയുടെ അംഗീകാരം താത്കാലികമായി റദ്ദാക്കി. സംഭവത്തിൽ കടയുടമയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് റദ്ദാക്കിയത്.

ദേവികളും താലൂക്ക് സപ്ലൈ ഓഫീസറുടേതാണ് നടപടി. സ്റ്റോക്കില്ലെന്ന പേരിൽ സർക്കാർ അനുവദിച്ച അളവിൽ അരി നൽകാൻ റേഷൻ കടയുടമ തയ്യാറായിരുന്നില്ല. കാർഡ് ഉടമകളിൽ നിന്ന് വ്യാപക പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തുകയും കാർഡുടമകളുടെ പരാതി നേരിട്ട് കേൾക്കുകയും ചെയ്തു.

പരാതികൾ ശരിവെക്കുന്നത് വിധം കടയിൽ നാനൂറ് കിലോയിലധികം അരി ഉദ്യോഗസ്ഥർ അധികമായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കടയുടെ അംഗീകാരം താത്കാലികമായി റദ്ദാക്കിയത്.