അതിജീവന പാക്കേജുമായി സർക്കാർ; എല്ലാവർക്കും സൗജന്യ റേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യകിറ്റ്

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അതിജീവന പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൗജന്യ റേഷൻ നൽകും.

നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് ഈ മാസം 15 കിലോ അരി നൽകാനാണ് തീരുമാനം. ബിപിഎല്ലുകാർക്ക് പ്രതിമാസം 35 കിലോ അരി നൽകുന്നത് തുടരും. കൂടാതെ ഇവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവർക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ് വീട്ടിലെത്തിച്ച് നൽകും

റേഷൻ കടകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ അഞ്ച് മണി വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക