Headlines

‘കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല, സമഗ്ര അന്വേഷണം നടന്നു’; പൊലീസ് റിപ്പോർട്ട്

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പൊലീസ് റിപ്പോർട്ട്. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പൊലീസ് റിപ്പോർട്ട്. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ എസ്‌എച്ച്ഒ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.

കെ നവീൻ ബാബു യാത്രയയപ്പിന് ശേഷം കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ എത്തി തനിക്ക് തെറ്റ് പറ്റിയെന്ന് പറയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.നവീൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. നവീൻ ബാബു വിവാദ പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തനും നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്നും ഇതിന്റെ CDR തെളിവ് കുറ്റപത്രത്തിൽ ഉള്ളത് പോലെ തന്നെ പൊലീസ് റിപ്പോർട്ടിലും ഉണ്ട്. കൂടാതെ നവീൻ ബാബു പ്രശാന്തന്റെ കൈയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ട് ടി വി പ്രശാന്ത് വിജിലൻസിന് പരാതി നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ ശെരിവെക്കുന്നുണ്ട്. വിജിലൻസിന്റെ കണ്ണൂർ യൂണിറ്റിൽ ടി വി പ്രശാന്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താൻ സാധിച്ചതായും റിപ്പോർട്ടിൽ വിശദമായി പറയുന്നു.