നവീന്‍ ബാബുവിന്റെ മരണം: പുനരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന കുടുംബത്തിന്റെ പുതിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകള്‍ ഉണ്ടെന്നും നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയെന്നും ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കുടുംബത്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ പൊലീസിന് ഇന്നത്തേക്ക് സമയം അനുവദിക്കുകയായിരുന്നു.

പ്രതിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും, ഫോണ്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തുടരന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തോട് പൊലീസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല.

പ്രതിയായ പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും, ഇലക്ട്രോണിക് തെളിവുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും മഞ്ജുഷ ആരോപിച്ചു. കൂടാതെ പ്രതി ഭരിക്കുന്ന പാര്‍ട്ടിയിലെ ഭാഗമായിരുന്നിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.

സിഡിആര്‍ (കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ്) കൃത്യമായി ശേഖരിക്കാത്തതും വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതും എസ്‌ഐടിയുടെ വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നു. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണങ്ങള്‍ തെളിയിക്കാനാകുമെന്നും മഞ്ജുഷ ഹര്‍ജിയില്‍ വ്യക്തമാക്കി.