ലോക്ക് ഡൗൺ കാലത്ത് പെട്ടുപോയ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് വീട്ടിലേക്ക് സൗജന്യമായി മരുന്ന് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അവയമാറ്റം അടക്കമുള്ള സർജറി നടത്തിക്കഴിഞ്ഞവരോ സർജറിക്കായി കാത്തിരിക്കുന്നവരോ, ഗർഭിണികളോ, ചികിത്സ ആവശ്യമുള്ള വൃദ്ധരോ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ അതാത് പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും ഫാമിലി ഹെൽത്ത് സെന്ററുകൾക്കും നിർദേശം നൽകിയിട്ടുണ്ട്
മരുന്ന് പുറത്തിറങ്ങി വാങ്ങിക്കേണ്ടവരുടെ കണക്ക് ആശാവർക്കർമാർ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി വഴി ആദ്യഘട്ടത്തിൽ മരുന്നെത്തിച്ച് കഴിഞ്ഞു. ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്.
താലൂക്ക്, ജില്ലാ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുമെല്ലാം ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ലക്ഷണങ്ങളല്ലാതെ മറ്റേത് അസുഖം വന്നാലും ഇത്തരം ആശുപത്രികളിൽ ചികിത്സ തേടാം. സ്വകാര്യ ആശുപത്രികളോട് ചികിത്സ നിഷേധിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.