സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായും എഐസിസി പ്രതിനിധികളുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും. സ്ക്രിനീങ്ങ് കമ്മിറ്റി പട്ടിക കൈമാറിയാൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും.ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. 20 സിറ്റിംഗ് സീറ്റുകളിൽ അടക്കം 40 സീറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങൾ, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചർച്ചകൾ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ആദ്യഘട്ട സ്ഥാനാർഥികളെയുംപ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.
അതേസമയം, സി പി ഐയോട് തെറ്റിപ്പിരിഞ്ഞ നാട്ടിക എംഎൽഎ സിസി മുകുന്ദനെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കം സജീവമാക്കുകയാണ് കോൺഗ്രസ്. താൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കുമെന്ന് സി സി മുകുന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് നിലവിൽ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഗീത ഗോപിക്കെതിരെ മുകുന്ദൻ ഉയർത്തിയത്. എങ്കിലും സംഘടനാ നടപടി ഇപ്പോൾ വേണ്ട എന്ന നിലപാടിലാണ് സിപിഐ നേതൃത്വം, മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും അത് ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം, മുകുന്ദന്റേത് രാഷ്ട്രീയപാപ്പരത്തം എന്ന നിലപാട് പ്രഖ്യാപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി രംഗത്തുവന്നു. മുകുന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിലും വലിയ അതൃപ്തിയാണ് പുകയുന്നത്.









