അഞ്ചിലങ്കത്തിൽ നാലിടത്തും ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്, പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം

 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുന്നത്. അതേസമയം ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിന്റെ അതിദയനീയമായ പ്രകടനമാണ് കാണുന്നത്

ഉത്തർപ്രദേശിൽ ബിജെപി വീണ്ടും ഭരണമുറപ്പിച്ചു. നിലവിൽ 298 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. കർഷക പ്രക്ഷോഭവും ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകവുമൊക്കെ നടന്ന യുപിയിൽ ഇത്തവണ ബിജെപിക്ക് കാലിടറുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും യോഗി ആദിത്യനാഥ് ഭരണത്തുടർച്ചയിലേക്ക് പോകുകയാണ്.

യുപിയിൽ സമാജ് വാദി പാർട്ടി 93 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയെ മലർത്തിയടിക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന ആശ്വാസം എസ് പിക്കുണ്ട്. എന്നാൽ കോൺഗ്രസ് അതിദയനീയ പ്രകടനമാണ് യുപിയിൽ കാഴ്ചവെച്ചത്. വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ബി എസ് പിയും മൂന്ന് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്

ഗോവയിൽ വോട്ടെണ്ണലിന് മുമ്പ് തന്നെ ഭരണം ഉറപ്പിച്ചിരുന്ന കോൺഗ്രസ് നിരാശയിലേക്ക് വീഴുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. നിലവിൽ 19 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 14 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ടിഎംസി ഇവിടെ അഞ്ച് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്

മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മണിപ്പൂരിൽ 23 സീറ്റുകളിൽ ബിജെപിയും കോൺഗ്രസ് 11 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ഉത്തരാഖണ്ഡിൽ 18 സീറ്റിൽ ബിജെപിയും 12 സീറ്റിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടി കറുത്ത കുതിരയാകുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസിനെ മലർത്തിയടിച്ച് ആപ് 88 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് വെറും 13 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.