1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം; പാവങ്ങൾക്ക് സൗജന്യ റേഷൻ, ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ്

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 1.70 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനാണ് പാക്കേജെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശുചീകരണ പ്രവർത്തകർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാർ തുടങ്ങി ഡോക്ടർമാർ വരെ ഓരോരുത്തർക്കും 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും

അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകും. ഇതോടൊപ്പം ഒരു കിലോ പരിപ്പോ, ചെറുപയറോ ലഭിക്കും. ഇപ്പോ ലഭിക്കുന്നത് കുടാതെയാണ് സൗജന്യ റേഷൻ.

8.69 കോടി കർഷകർക്ക് 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 2000 രൂപ മാസ വരുമാനം കൂടുതൽ നൽകും. പ്രതിദിന വരുമാനം 182 ൽ നിന്ന് 202 ആക്കി ഉയർത്തി.

മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്ന ശേഷിക്കാർക്കും 2000 രൂപ വീതം നൽകും. ഇതെല്ലാം നേരിട്ടുള്ള പണം കൈമാറ്റമാകും. എല്ലാവർക്കും നേരിട്ട് പണമെത്തിച്ച് നൽകും.

ജൻധൻ അക്കൗണ്ടുള്ള 20 കോടി വനിതകൾക്ക് 1500 രൂപ നേരിട്ട് അക്കൗണ്ടിൽ നൽകും. ഉജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽപ്പെട്ട 8 കോടി ആളുകൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സിലിണ്ടർ

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം രൂപ വായ്പ. ഇതുവരെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ലഭിക്കും. 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്ന് മാസത്തേക്ക് ഇപിഎഫ് വിഹിതം സർക്കാർ നൽകും.