Headlines

വിഭജന ഭീതിദിനം ആചരിക്കരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറി; കെടിയു ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വി സി

വിഭജന ഭീതിദിനാചരണം ആചരിക്കരുതെന്ന് കോളജുകൾക്ക് നിർദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്കൊരുങ്ങി സാങ്കേതിക സർവകലാശാല വിസി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കോളജുകൾക്ക് കൈമാറിയതിൽ സാങ്കേതിക സർവകലാശാല ഡീൻ- അക്കാഡമിക്സിനോട് താത്ക്കാലിക വി സി വിശദീകരണം തേടി. വിഭജന ഭീതിദിനാചരണ പരിപാടികൾ നടത്താൻ സാങ്കേതിക സർവകലാശാല പിആർഒ വഴിയായിരുന്നു വി സി ആദ്യം കോളജുകൾക്ക് സർക്കുലർ നൽകിയത്.

ചാൻസലറായ ഗവർണറുടെ നിർദേശമനുസരിച്ച് കോളജുകളിൽ താത്ക്കാലിക വൈസ് ചാൻസിലർ ശിവപ്രസാദ് വിഭജന ഭീതി ദിനാചരണം നടത്തണമെന്ന് കാട്ടി ആദ്യം സർക്കുലർ അയച്ചിരുന്നു. സർവകലാശാല പിആർഒ വഴിയായിരുന്നു ഈ സർക്കുലർ. പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടത്. കോളജുകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുത് എന്ന് എല്ലാ സർവകലാശാലകളെയും മന്ത്രി അറിയിച്ചു. ഈ അറിയിപ്പ് സർവകലാശാല അക്കാദമിക് കോളജുകൾക്ക് കൈമാറി. ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ് കോളജുകൾക്ക് കൈമാറിയതിനാണ് താത്ക്കാലിക വി സി കെ ശിവപ്രസാദ് വിശദീകരണം തേടിയിട്ടുള്ളത്.

അഞ്ചുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യം. രജിസ്ട്രാർക്കാണ് ഇത്തരത്തിൽ കോളജുകളുമായി ആശയവിനിമയം നടത്താനുള്ള അവകാശം എന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്. എന്നാൽ പിആർഒ ദിനാചരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ അയച്ചതിൽ വി സി അനുകൂലമാണെന്നതാണ് വിരോധാഭാസം.