Headlines

‘സാമുദായിക സ്പർധ വളർത്തും’; വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് എല്ലാ കോളജുകൾക്കും നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

കോളജ് കാമ്പസുകളിൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകി. ഈ പരിപാടി സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും സമൂഹത്തിൽ സ്പർധ വളർത്തുന്നതിനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഈ ഉത്തരവ്. എല്ലാ കോളേജുകൾക്കും ഇത് സംബന്ധിച്ച അടിയന്തിര അറിയിപ്പ് നൽകണമെന്നും മന്ത്രി നിർദേശിച്ചു.

​ഇന്ത്യാ വിഭജനത്തിന്റെ ഭീകരത ഓർക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14 ന് കേന്ദ്ര സർക്കാർ നടത്തുന്ന ദിനാചരണമാണ് വിഭജന ഭീതി ദിനാചരണം (Partition Horrors Remembrance Day). ഇന്ത്യയുടെ വിഭജനത്തിന് കാരണമായവരുടെ സ്മരണ നിലനിർത്താനാണ് ഈ ദിനാചരണം നടത്തുന്നത്. എന്നാൽ ഈ പരിപാടി കാമ്പസുകളിൽ നടത്തുന്നത് വർഗീയ സ്പർധ വർധിപ്പിക്കാൻ കാരണമാകും എന്ന വിലയിരുത്തലിലാണ് മന്ത്രി ഈ ഉത്തരവ് ഇറക്കിയത്.

കലാലയങ്ങൾ മതനിരപേക്ഷതയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതാണ്. എന്നാൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തുന്നത് കലാലയങ്ങളിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനും വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും ഇടയാക്കും. സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്നതിനും ഇത് കാരണമാകും. ഇത്തരം ദിനാചരണങ്ങൾ കാമ്പസുകളിൽ നടത്തുന്നത് കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ കോളേജുകൾക്കും ഇ-മെയിലിലൂടെയാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നിൽകിയത്.