Headlines

ഒടുവിൽ അനിശ്ചിതങ്ങളിൽ നിന്ന് പുറത്തേക്ക്; ഇന്ത്യൻ സൂപ്പർ ലീഗ് ഈ വർഷം തന്നെ

ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഈ വർഷം തന്നെ നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ കല്യാൺ ചൗബേ അറിയിച്ചു. AIFF ഭരണഘടന കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിന്നട്ടെ അടിസ്ഥാനത്തിൽ ആയിരിക്കും ലീഗിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ കപ്പോടെയായിരിക്കും ഈ സീസൺ ആരംഭിക്കുക. ക്ലബ്ബുകളുടെ പ്രതിനിധികളുമായി ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ നടത്തുന്നതിനായി മതിയായ സമയം നൽകണമെന്ന ക്ലബ്ബുകളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ആവശ്യമായ സമയം നൽകുമെന്ന് എഐഎഫ്എഫ് അറിയിച്ചു. പ്രീ-സീസൺ പരിശീലനത്തിനായി ഒന്നര മുതൽ രണ്ട് മാസം വരെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമായിരിക്കും സൂപ്പർ കപ്പും, ഐഎസ്എല്ലും തുടങ്ങുക. ടീമുകളുടെ മികച്ച പ്രകടനത്തിന് പ്രീ-സീസൺ സമയം അനിവാര്യമാണ്. വിദേശരാജ്യങ്ങളിലും ക്ലബ്ബുകൾ പ്രീ-സീസൺ പരിശീലനം നടത്തിയിരുന്നു.

ഐഎസ്‌എൽ നടത്തിപ്പ് സംഘമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL), ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് ലീഗിന്റെ നടത്തിപ്പിനെ അനിശ്ചിതത്വത്തിലാക്കിയത്.

AIFF ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ തീരുമാനമാകാത്തതും തിരിച്ചടിയായി. അനിശ്ചിതത്വം എന്ന് മാറും എന്നത് ചോദ്യചിഹ്നം ആയാതോടെ താരങ്ങൾക്കും, മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ശമ്പളം നൽകുന്നത് മരവിപ്പിക്കുന്ന തീരുമാനത്തിലേക്ക് ക്ലബ്ബുകൾ നീങ്ങിയിരുന്നു.