കെപിസിസി പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ തീരുമാനമായില്ല. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ സമവായത്തിലെത്താൻ നേതാക്കൾക്ക് കഴിഞ്ഞില്ല. ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ചർച്ചയ്ക്ക് അന്തിമരൂപം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും നേതാക്കൾക്ക് ഡൽഹിയിൽ വീണ്ടും തുടരേണ്ട സാഹചര്യം ഉണ്ടായി.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കൾ രണ്ട് ചേരികളിലായി നിലകൊള്ളുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ഒരു വിഭാഗം നേതാക്കൾ നിലവിലെ ഡിസിസി അധ്യക്ഷന്മാർ തുടരട്ടെ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ചിലർ മാറ്റം വേണമെന്നും ആവശ്യപെടുന്നു. ഇത്തരം അഭിപ്രായങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിൽ കെപിസിസിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയാൻ സാധിക്കും.
നാട്ടിലേക്ക് തിരിച്ച് പോയി ചർച്ചകൾ തുടരുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി അധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.