പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ, എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
കന്യാസ്ത്രീ വിഷയത്തിലെ ഭിന്നതകൾക്കിടെ സംഘപരിവാർ മുറിവുണക്കാൻ തീവ്ര ശ്രമവുമായി ബിജെപി.ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച ഉപാധ്യക്ഷൻ ഡോ. കെ എസ് രാധാകൃഷ്ണൻ കോറിലും വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്ത്. 24 എക്സ്ക്ലൂസീവ് .
ഭാരവാഹി നിർണയത്തിൽ വി മുരളീധര – കെ സുരേന്ദ്ര പക്ഷത്തെ വെട്ടി നിരത്തിയതിന് പഴികേട്ട രാജീവ് ചന്ദ്രേശേഖർ, പരാതികൾ ഒഴിവാക്കുന്നതിന് കണ്ടെത്തിയ ഫോർമുല. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ,കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ,കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനിൽ ആൻറണി, ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിൽ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉൾപ്പെടുന്നു.
മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ സി കെ പത്മനാഭൻ എന്നിവരെ കോർ കമിറ്റിയിൽ നിന്ന് ഒഴിവാക്കി.കെ എസ് രാധാകൃഷ്ണൻ, ആർ ശ്രീലേഖേ , ഡോ അബ്ദുൽസലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോറിൽ ഉൾപ്പെടുത്തിയില്ല.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലെ സംസ്ഥാന ബിജെപി നിലപാടിനെതിരെ ആർഎസ്എസ്- സംഘപരിവാർ സംഘടനകളിൽ അമർഷം പുകയുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മുറിവുണക്കൽ നീക്കം.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ആർഎസ്എസ് നേതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ആർഎസ്എസ് നേതാവ് പ്രസാദ് ബാബു ഉൾപ്പെടെയുള്ള നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഹിന്ദു ഐക്യവേദി ബിഎംഎസ് നേതാക്കളുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീ വിഷയത്തിൽ ക്രൈസ്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണനെ കോർ കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്താക്കി.