കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍

സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. സമ്പര്‍ക്ക വ്യാപന സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

പൂന്തുറയിലും പുല്ലുവിളയിലും മാത്രമായിരിക്കില്ല സമൂഹ വ്യാപനമുണ്ടായിരിക്കുക. സംസ്ഥാനത്ത് ഓരോ ദിവസവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവരികയാണ്. അതുകൊണ്ട് തന്നെ വ്യാപന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. അനൂപ് കുമാര്‍ പറയുന്നു.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്നല്ല ഇപ്പോള്‍ രോഗവ്യാപനമുണ്ടാകുന്നത്. ഉറവിടമറിയാത്ത കേസുകള്‍ കൂടുകയാണ്. വേഗത്തില്‍ കൂടുതല്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തുന്നതിലൂടെ വ്യാപനം നിയന്ത്രിക്കാനാകും. എങ്ങനെയാണ് സമ്പര്‍ക്ക കേസുകള്‍ കൂടുന്നതെന്ന് സംബന്ധിച്ച് പഠനങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. ഇത്തരം പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.