പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. നാളെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
അടുത്ത 25 വർഷത്തെ വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരൻമാരിൽ 90 ശതമാനം പേർക്കും വാക്‌സിൻ നൽകി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടപ്പാക്കുകയാണ്.
കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. ആറ് കോടി ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു 44 കോടി ജനങ്ങൾ ബാങ്കിംഗ് ശൃംഖലയിലുണ്ട്. കാർഷിക മേഖലയിൽ മികച്ച ഉത്പാദനം കൈവരിക്കാനായി.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി. നദി സംയോജന പദ്ധതികൾ തുടരും. രാജ്യത്തിന്റെ സ്വാശ്രയത്തിന് പ്രാമുഖ്യം നൽകി. എട്ട് വാക്‌സിനുകൾക്ക് അനുമതി നൽകി. ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാർച്ച് വരെ നീട്ടിയെന്നും രാഷ്ട്രപതി പറഞ്ഞു.