അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും ഹൈക്കോടതിയിൽ എത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകൾ സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്.
മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുമ്പാകെ മുദ്ര വെച്ച കവറിൽ ഹാജരാക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഇന്നുച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുക. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെടും.
ദിലീപിന്റെ നാല് ഫോണുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. എന്നാൽ മൂന്ന് ഫോണുകൾ മാത്രമേ ഉള്ളൂവെന്നാണ് ദിലീപിന്റെ വാദം. നാലാമത്തെ ഫോൺ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.