അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രധാന തെളിവുകളായ മൊബൈൽ ഫോണുകൾ ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ ഹാജാരാക്കും. രാവിലെ 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ മൊബൈൽ ഫോണുകൾ ഹാജരാക്കാനാണ് നിർദേശം.
ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്റെ പക്കലുള്ള രണ്ട് ഫോൺ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് വിപിൻലാൽ കോടതിയെ സമീപിച്ചത്. ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.