ഹോർമുസിൽ ബദൽ ഗതാഗത മാർഗങ്ങൾ പ്രഖ്യാപിച്ച് ഇറാൻ. കടൽ മൈനുകൾ ഒഴിവാക്കാനാണ് ബദൽ ഗതാഗത മാർഗങ്ങൾ ഐആർജിസി നാവികസേന പ്രഖ്യാപിച്ചത്. കപ്പലുകൾ ഐആർജിസി നാവികസേനയുടെ നേതൃത്വത്തിലാകും ഹോർമുസ് കടലിടുക്ക് കടക്കുക. ഹോർമുസിലൂടെ കടക്കുന്ന കപ്പലുകൾ സൈന്യത്തിന്റെ അനുമതി തേടാത്തപക്ഷം അവ നശിപ്പിക്കുമെന്ന് ഇറാൻ നാവികസേന.(Iran announces alternate shipping lanes in Hormuz)
“ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും സമുദ്ര സുരക്ഷാ തത്വങ്ങൾ പാലിക്കുന്നതിനും കടൽ മൈനുകളുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ആണ് ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത്” ഐആർജിസി വ്യക്തമാക്കി. മാർച്ച് ആദ്യം മുതൽ ഇറാൻ ഹോർമുസ് തടഞ്ഞിരുന്നു. ഇത് ആഗോള ഊർജ്ജ വില കുതിച്ചുയരാൻ കാരണമായി.ലെബനനിലെ നൂറിലധികം കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമുസിൽ പിടിമുറുക്കി ഇറാൻ. ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ ടാങ്കറുകളുടെ ഗതാഗതം തടഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഈ വഴിയാണ് കടന്നുപോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് ഇറാനും ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.







