Headlines

അമേരിക്കയ്ക്ക് ആവശ്യമുള്ളപ്പോള്‍ നാറ്റോ സഹായിച്ചിട്ടില്ല; വിമര്‍ശിച്ച് ട്രംപ്; നാറ്റോ അംഗങ്ങള്‍ക്കെതിരെ യുഎസ് തിരിച്ചടി നല്‍കിയേക്കുമെന്ന് സൂചന

നാറ്റോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് ആവശ്യമുള്ള സമയത്ത് നാറ്റോ ഉണ്ടായിരുന്നില്ല. ഇനി വീണ്ടും ആവശ്യമുണ്ടായാലും അവര്‍ ഉണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. ഗ്രീന്‍ലന്‍ഡിനെ വലിയ മോശം ഭരണമുള്ള ഐസിന്റെ കഷ്ണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോ സഖ്യകക്ഷിയായ ഡെന്മാര്‍ക്കിന്റെ കൈവശമുള്ള ഗ്രീന്‍ലണ്ട് പിടിച്ചെടുക്കുമെന്ന് ട്രംപ് പലവട്ടം പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാറ്റോയ്ക്കും ഗ്രീന്‍ലന്‍ഡിനുമെതിരായ വിമര്‍ശനങ്ങള്‍. (trump against nato| Iran war)

ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയേയും ഇസ്രയേലിനേയും ഒരു തരത്തിലും സഹായിക്കാത്ത നാറ്റോ അംഗങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ക്കുള്ള തക്കതായ ശിക്ഷ വൈറ്റ് ഹൗസ് ആലോചിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാറ്റോ അംഗങ്ങളായ ചില രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനും അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളിലേക്ക് കൂടുതല്‍ സൈനികരെ നല്‍കാനും ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ തന്നെ മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ട്രംപിന്റെ ഈ നിര്‍ദേശം പ്രചരിക്കുന്നത്.നാറ്റോയിലെ ചില രാജ്യങ്ങള്‍ ഇറാനിലേക്ക് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്നതില്‍ ശക്തമായ അഭിപ്രായ വ്യത്യാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്‌പെയിന്‍ ഇറാനെതിരെ അമേരിക്ക അയച്ച സൈനിക വിമാനങ്ങളെ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ കടത്തി വിടാതിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു. നാറ്റോയിലെ മറ്റൊരു അംഗമായ ജര്‍മനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ അമേരിക്കയുടേയും ഇസ്രയേലിന്റേയും സൈനിക നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ചിരുന്നു. സിസിലിയിലെ ഒരു വ്യോമതാവളത്തിലേക്ക് അമേരിക്കന്‍ സേനയ്ക്ക് ഇറ്റലിയും പ്രവേശനം വിലക്കിയിരുന്നു.