കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

 

കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവിലാണ്.

കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.