നിലമ്പൂര്‍ ഞെട്ടിക്കുളത്ത് ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂര്‍ ഞെട്ടിക്കുളത്ത് ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. രഹനയുടെ ഭര്‍ത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

അത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തുടിമുട്ടിയില്‍ വീടിന് പിന്നില്‍ ഉള്ള റബര്‍ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. കുടുംബ വഴക്കിനെതുടര്‍ന്ന് ഭാര്യ രഹ്നയും മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുനെയും ഞായറാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലിസ് പറയുന്നത്.

വിനീഷിന്റെ ഭാര്യ രഹന (34), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂട്ട മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും രഹനയുടെ അച്ഛന്‍ രാജന്‍ രംഗത്തെത്തിയിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണമെന്നു അദ്ദേഹം ആരോപിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.