പ്രഭാത വാർത്തകൾ

 

🔳ലഖിംപൂര്‍ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍ ലഖ്‌നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചത്. രാജ്യത്ത് രണ്ട് കൂട്ടര്‍ മാത്രമാണ് സുരക്ഷിതരെന്നും അത് അധികാരത്തിലുള്ള ബിജെപി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

🔳ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രാജവ്യാപക മൗനവ്രത പ്രക്ഷോഭം. ഇന്ന് രാവിലെ പത്തു മുതല്‍ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ക്കു മുന്നിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മൗനവ്രത സമരം നടത്തും. മുതിര്‍ന്ന നേതാക്കളും, എംപിമാരും, എം എല്‍ എമാരും, പാര്‍ട്ടി ഭാരവാഹികളും മൗനവ്രതത്തില്‍ പങ്കുചേരുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

🔳ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ലഖിംപുര്‍ഖേരി സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷം എന്ന നിലയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നുവെന്നും ഇത് അപകടകരമായ നീക്കമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയതക്ക് മേല്‍ രാഷ്ടീയ ലാഭമുണ്ടാക്കരുതെന്നും അത്തരം തെറ്റായ നീക്കങ്ങള്‍ അപകടകരമാണെന്നും വരുണ്‍ കുറിച്ചു.

🔳രാജ്യത്ത് കല്‍ക്കരി ക്ഷാമമോ വൈദ്യുതി രംഗത്ത് പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷി. കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രിക്ക് പിന്നാലെയാണ് കല്‍ക്കരി മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ പ്രതിസന്ധി നിഷേധിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഓക്സിജന്‍ ക്ഷാമക്കാലത്ത് എടുത്ത നിലപാട് പോലെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും ഉത്തരവാദിത്വമില്ലാത്ത പ്രതികരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

🔳കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഹൈഡ്രോപവര്‍ യൂണിറ്റുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റി കമ്മീഷന്‍ വ്യക്തമാക്കി.

🔳കെ റെയില്‍ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍. ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ഗുണം ചെയ്യൂവെന്നും പ്രതിപക്ഷത്തിരിക്കുമ്പോള്‍ എക്സ്പ്രസ് ഹൈവേയേ എതിര്‍ത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 19,017 കോവിഡ് രോഗികളില്‍ 56.21 ശതമാനമായ 10,691 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 193 മരണങ്ങളില്‍ 44.04 ശതമാനമായ 85 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,21,505 സജീവരോഗികളില്‍ 50.17 ശതമാനമായ 1,11,147 രോഗികളും കേരളത്തിലാണുള്ളത്.

🔳കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 15 ശതമാനം ആളുകള്‍ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്. ചികിത്സാ കേന്ദ്രങ്ങളുടെയോ ചികിത്സാ സൗകര്യങ്ങളുടെയോ അഭാവം കൊണ്ടല്ല. എന്നാല്‍ അതിലേക്ക് ആളുകള്‍ എത്തപ്പെടുന്നില്ല. ഈ അവസരത്തില്‍ മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണെന്നും ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊര്‍ജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.

🔳കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ചര്‍ച്ചകളില്‍ മുതിര്‍ന്ന നേതാക്കള്‍ തൃപ്തരാണെന്ന് കരുതുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പതിവ് അസ്വാര്യസങ്ങളും പരസ്യ വിമര്‍ശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ നേതൃത്വം പൂര്‍ത്തിയാക്കിയത്. ഡിസിസി പട്ടികയിലെ വിമര്‍ശനങ്ങള്‍ കണക്കിലെടുത്തും ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തുമായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചര്‍ച്ചകള്‍.

🔳പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം സംസ്ഥാന ബിജെപിയില്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ ചര്‍ച്ചക്കുള്ള പാര്‍ട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പുറത്തുപോയത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അഡ്മിനായ ഗ്രൂപ്പാണിത്. കൃഷ്ണദാസ് പക്ഷത്തെ പിആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതില്‍ അടക്കമുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുടെ വിട്ടുപോകലിന് കാരണമെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🔳കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ നിരാഹര സമരത്തിനെത്തുകയാണ് പണം നഷ്ടമായവര്‍. ഇന്ന് മുതല്‍ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താനാണ് പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ തീരുമാനിച്ചത്. ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

🔳ഫാസിസം എന്നത് ഒരു മനോനില ആണെന്ന് ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തഹ്ലിയ . എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ട്. ജനാധിപത്യ വിസ്മയം കൊണ്ടുവേണം ഫാസിസം നേരിടാനെന്നും ഫാത്തിമ അഭിപ്രായപ്പെട്ടു. സ്ത്രീയുടെ ഇടം എന്നത് അവള്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ആണ് ഉണ്ടാവുന്നത്. കുടുംബത്തില്‍, തൊഴില്‍ ഇടങ്ങളില്‍, സംഘടനയില്‍ ഒക്കെ ഫാസിസത്തിന്റെ പ്രതിഫലനം ഉണ്ട്. സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെതിരെ പോരാടണം. വിയോജിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കണം. അഭിപ്രായ സ്വാതന്ത്ര്യം എത്രമാത്രം ഇന്ന് ഉണ്ടെന്ന് ചിന്തിക്കണം. ജനാധിപത്യം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കല്‍ ആണ് എന്നും ഫാത്തിമ പറഞ്ഞു. എം എന്‍ വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായി ഫാസിസ്റ്റ് കാലത്തെ ജനാധിപത്യത്തിന്റെ പെണ്‍ വഴികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ.

🔳സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു . 22 പേരുമായി യാത്ര ചെയ്ത വിമാനമാണ് ഇന്നലെ രാവിലെ ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. ആറ് പേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

🔳സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി. ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്.

🔳അടിത്തറയിട്ട് ഋതുരാജ് ഗെയ്ക്വാദും റോബിന്‍ ഉത്തപ്പയും, ഫിനിഷറായി ധോനി, ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചെന്നൈ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച നായകന്‍ എം.എസ്.ധോനിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. തോറ്റെങ്കിലും ഡല്‍ഹിക്ക് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി നേരിടും.

🔳ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 14 റണ്‍സിന്റെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ഥാനയ്ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി.

🔳ദുബായില്‍ ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനത്തുക. ഇത്തവണത്തെ വിജയികള്‍ക്ക് 1.6 മില്യണ്‍ യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക, അതായത് ഏകദേശം 12 കോടി രൂപ. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഏകദേശം ആറുകോടി രൂപയും സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് മൂന്ന് കോടി രൂപ വീതം സമ്മാനമായി ലഭിക്കും. സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ വിജയിക്കുന്ന ഓരോ ടീമിനും 30 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.

🔳യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. ആവേശകരമായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് സ്പെയിനിനെ കീഴടക്കി. ഫ്രാന്‍സിനായി കരീം ബെന്‍സമ, കൈലിയന്‍ എംബാപ്പെ എന്നിവര്‍ ഗോള്‍ നേടി. സ്പെയിനിന്റെ ഗോള്‍ മൈക്കല്‍ ഒയര്‍സബാള്‍ (64) നേടി.

🔳യുവേഫ നേഷന്‍സ് ലീഗ് ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. ഇതോടെ ടൂര്‍ണമെന്റിലെ മൂന്നാം മൂന്നാം സ്ഥാനം അസൂറിപ്പട സ്വന്തമാക്കി.

🔳കേരളത്തില്‍ ഇന്നലെ 81,914 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,655 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,11,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനമായ 2,49,39,899 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 43.7 ശതമാനമായ 1,16,74,552 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155.

🔳രാജ്യത്ത് ഇന്നലെ 19,017 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 21,577 പേര്‍ രോഗമുക്തി നേടി. മരണം 193. ഇതോടെ ആകെ മരണം 4,50,814 ആയി. ഇതുവരെ 3,39,71,293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.21 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,294 പേര്‍ക്കും തമിഴ്നാട്ടില്‍ 1,329 പേര്‍ക്കും മിസോറാമില്‍ 1,170 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 2,86,722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 21,465 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,574 പേര്‍ക്കും റഷ്യയില്‍ 28,647 പേര്‍ക്കും തുര്‍ക്കിയില്‍ 28,370 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.86 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,270 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 509 പേരും റഷ്യയില്‍ 962 പേരും മെക്‌സിക്കോയില്‍ 348 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.66 ലക്ഷം.

🔳ഫോര്‍ജി സിം സൗജന്യമായി നല്‍കുന്ന പദ്ധതി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഡിസംബര്‍ 31 വരെ നീട്ടി. എന്നാല്‍ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍. ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. സിംകാര്‍ഡിന് വരുന്ന 20 രൂപ ചെലവാണ് ഡിസംബര്‍ 31 വരെ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്. നിലവില്‍ കേരള സര്‍ക്കിളിലാണ് ഈ ഓഫര്‍ നിലനില്‍ക്കുന്നത്. മറ്റു സര്‍ക്കിളുകളിലേക്കും ഈ ഓഫര്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳സ്വദേശി ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിബോക്‌സ് വലിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഇന്‍സ്റ്റഷെയര്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. ഞൊടിയിടകൊണ്ട് 2 ജിബി വരെയുള്ള ഫയലുകള്‍ ഇതുവഴി ഷെയര്‍ ചെയ്യാനാകും. ഇന്ത്യയിലെ ആദ്യ സ്വദേശി പൊതു ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമാണ് ഡിജിബോക്‌സ്. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഷെയര്‍. എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും ഫയലുകള്‍ ഇന്‍സ്റ്റഷെയര്‍ വഴി അയക്കാനാകും. തടസങ്ങളില്ലാതെ, സൗജന്യമായി ഫയലുകള്‍ ഷെയര്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

🔳ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘ചുപ്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റു താരങ്ങള്‍. ആര്‍ ബാല്‍കി ആണ് ചിത്രമൊരുക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും ചുപ്. ‘റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മംഗളഗാനമാണ് ചുപ് എന്നാണ് ബാല്‍കിയുടെ വാക്കുകള്‍.

🔳സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘സാര കാട്രേ’ എന്ന് തുടങ്ങുന്ന ഗാനം ശ്രേയാ ഘോഷാലും സിദ് ശ്രീറാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികള്‍ക്ക് ഡി ഇമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവംബര്‍ 4ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സവാഗന്റെ പോളോയുടെ മാറ്റ് എഡിഷന്‍ വരുന്നു. ഈ വാഹനം പോളോയുടെ ജി.ടി. വേരിയന്റിന്റെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിറത്തില്‍ മാത്രമായിരിക്കും പുതുമയെന്നാണ് വിവരം. പോളോയുടെ പുതിയ പതിപ്പ് മാറ്റ് ഫിനീഷിങ്ങിലുള്ള ബ്രൗണ്‍ നിറത്തിലാണ് ഒരുങ്ങുന്നത്. ഗ്രില്ലും അതിലെ ജി.ടി. ബാഡ്ജിങ്ങും റെഗുലര്‍ മോഡലിലേതിന് സമാനമാണ്. മാറ്റ് എഡിഷന് ജി.ടിയുടെ റെഗുലര്‍ മോഡലിനെക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും. പോളോ ജി.ടിക്ക് ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ് എക്‌സ്‌ഷോറും വില.

🔳മാനവരാശിയാകെ വിറങ്ങലിച്ചുനിന്ന മഹാമാരിക്കാലത്ത് ധീരതയോടെ പൊരുതി വിജയിച്ചതിന്റെ അസാധാരണമായ അനുഭവക്കുറിപ്പുകള്‍. ഒറ്റയ്ക്ക് കോവിഡിനെ നേരിട്ടുകൊണ്ട് ഒരു സൂപ്പര്‍സീനിയര്‍ സിറ്റിസണ്‍ ഏഴെട്ടുമാസം കഴിച്ചുകൂട്ടിയ ജീവിതാനുഭവങ്ങളാണ് ‘ഈ കാലവും കടന്നു പോകും’. മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം ഒരു പാഠപുസ്തകമായി സ്വീകരിക്കാവുന്നതാണ് ഈ ജീവിതപുസ്തകം. പി.എ. രാമചന്ദ്രന്‍. മാതൃഭൂമി. വില 160 രൂപ.

🔳കോവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങള്‍ക്കകം തന്നെ ദുര്‍ബലമാകുന്നതായി പഠനറിപ്പോര്‍ട്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അതിവേഗത്തില്‍ രോഗപ്രതിരോധശേഷി കുറയുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയിലേക്കാണ് പഠനറിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. 5000 ഇസ്രായേലി ആരോഗ്യപ്രവര്‍ത്തര്‍ക്കിടയില്‍ നടത്തി പഠനത്തിന്റെ ഫലമാണ് പുറത്തുവന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ ജര്‍മ്മന്‍ ബയോടെക്‌നോളജി കമ്പനിയായ ബയോണ്‍ടെകിന്റെ പങ്കാളിത്തതോടെ വികസിപ്പിച്ച വാക്‌സിനാണ് പഠനവിധേയമാക്കിയത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിനകം തന്നെ കോവിഡിനെ ചെറുക്കാന്‍ ശരീരത്തിന് കരുത്തുപകരുന്ന ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടക്കത്തില്‍ കുത്തനെയാണ് ആന്റിബോഡികള്‍ കുറയുന്നത്. പിന്നീട് മിതമായ നിരക്കില്‍ ആന്റിബോഡിയുടെ അളവ് കുറയുന്നതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.