തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ കനത്ത മഴ; ജാഗ്രത നിർദ്ദേശം

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ ജില്ലകളിലാണ് വലിയ അളവിൽ മഴ ലഭിക്കുന്നത്. അതി ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ 13 വരെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ഇന്ന് മുതൽ 13 വരെ തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പും നൽകി. 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. അതേസമയം, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.