കോഴിക്കോട്: താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ബസ് ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പരാതി. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ബസ് ജീവനക്കാരായ പ്രതികളെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ പിതാവിന്റെ സുഹൃത്തും ബസ് ഡ്രൈവറുമായ അനീഷ് ശമ്പളം ലഭിച്ച ദിവസം യുവതിയെ സമീപിച്ച് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ പഴ്സ് ബലമായി കൈക്കലാക്കി. ബന്ധുക്കൾ ഇടപെട്ട് പണം തിരികെ വാങ്ങിയതോടെ യുവാവിന് യുവതിയോട് വൈരാഗ്യം. പ്രതികാരമായി കഴിഞ്ഞ ഏപ്രിൽ എട്ടിന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ അനീഷും സുഹൃത്തും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതി.
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു. കോഴിക്കോട്–അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരായ പ്രതികൾ യുവതിയെ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ അടിവാരത്തെത്തിക്കുകയും യാത്രക്കാർ ഇറങ്ങിയശേഷം ബസ് ചുരം കയറ്റി വിജനമായ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് മൊഴി. ബസ് കണ്ടക്ടർക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. യുവതിയെ പീഡിപ്പിക്കാൻ ബസ് ചുരം കയറ്റിക്കൊണ്ടുപോകുന്ന കാര്യം അറിഞ്ഞിട്ടും തടയാതെ പ്രതികളെ സഹായിച്ചെന്നാണ് പരാതി.
ബന്ധുവായ പൊലീസുകാരന്റെ നിർദേശപ്രകാരമാണ് പൊലീസിൽ പരാതി നൽകിയത്. മൊഴി നൽകുന്നതിനിടെ ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൗൺസിലിങ്ങിനിടെയാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്.കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.







