കല്‍പ്പറ്റ: വിനോദ സഞ്ചാരത്തിന് പ്രാമുഖ്യം നല്‍കി വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവിഷ്‌ക്കരിച്ച ചുരല്‍ റോപ്‌വേ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളിലേറെയും പൂര്‍ത്തിയായി. സംസ്‌ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ് അവസാനത്തോടു കൂടി പദ്ധതിയുടെ തറക്കല്ലിടാനാണ് തീരുമാനമെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്ബനിയുടെ എം.ഡിയുമായ ജോണി പാറ്റാനി പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാനായി ചേംബര്‍ ഓഫ് കൊമേഴ്‌സ് രൂപവത്‌കരിച്ചതാണ് വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്ബനി. കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്‌ട റോപ്‌വേ പദ്ധതി.
മരങ്ങള്‍ നശിപ്പിക്കാതെയും കുന്നിടിക്കാതെയും പ്രകൃതി സൗഹൃദപരമായി നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെയെല്ലാം അനുമതി ലഭ്യമായിയെന്ന് ജോണി പാറ്റാനി പറഞ്ഞു. ലക്കിടിയിലും അടിവാരത്തുമായി പദ്ധതിക്കായി മൊത്തം 12 ഏക്കര്‍ സ്‌ഥലം ചേംബര്‍ ഓഫ് കൊമേഴ്‌സ് വിലയ്‌ക്കു വാങ്ങി.
കേബിള്‍ കാര്‍
ചുരത്തിന്റെ ആകാശ ദൃശ്യം ആസ്വദിച്ചു യാത്ര ചെയ്ാന്‍ കയഴിയുന്നതാണ് കേബിള്‍ കാര്‍ പദ്ധതിയാണ് റോപ്‌വേ. ലക്കിടി മുതല്‍ അടിവാരം വരെയുള്ള പദ്ധതിക്ക് 100 കോടിയിലേറെ രൂപ ചെലവു പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് കോഴിക്കോട്, വയനാട് ഡി.ടി.പി.സി., ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരണമുണ്ട്. വയനാട് ചുരം യാത്ര 18 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ പ്രത്യേകത. മൂന്നുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മതി. കേബിള്‍ കാറില്‍ ആറുപേര്‍ക്ക് യാത്ര ചെയ്യാം. കുലുക്കമില്ലാതെയും ഗതാഗതക്കുരുക്കില്ലാതെയും ചുരം കയറുകയും ഇറങ്ങുകയും ചെയ്യാം. 10 മുതല്‍ 15 വരെ ടവറുകള്‍ക്കു മുകളിലൂടെയാണ് റോപ് വേ കടന്നുപോകുന്നത്. ടവറുകള്‍ക്കു മുകളില്‍ സ്‌ഥാപിച്ച കണ്‍വെയര്‍ കേബിളുകളില്‍കൂടി തൂങ്ങിനീങ്ങുന്ന വിധത്തിലാണ് കാബിനുകള്‍ സ്‌ഥാപിക്കുക. 80 കാബിനുകളാണ് തുടക്കത്തിലുണ്ടാവുക.
ബത്തേരിയില്‍നിന്ന് ലക്കിടി വരെയും അടിവാരത്തുനിന്നു കോഴിക്കോട്ടുവരെയും ബസ് സര്‍വീസ് പ്രാവര്‍ത്തികമാക്കിയാണ് പദ്ധതി നടപ്പാക്കുക. റോപ് വേയ്‌ക്ക് താഴെ പൂമരങ്ങള്‍ വെച്ചുപിടിപ്പിച്ച് ചുരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കും. ഇന്ത്യയില്‍ കശ്‌മീരിലും ഡെറാഡൂണിലുമാണ് വലിയ റോപ് വേകള്‍ ഉള്ളത്. സാധാരണക്കാര്‍ക്കു കൂടി അനുയോജ്യമായ വിധത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ റോപ് വേയായിരിക്കും ചുരത്തിലേത്.
മുഖ്യലക്ഷ്യം വിനോദ സഞ്ചാരം
വിനോദസഞ്ചാരത്തിന് പ്രാമുഖ്യം നല്‍കിയാണ് റോപ്‌വേ പദ്ധതി കൊണ്ടുവരുന്നതെങ്കിലും ഗതാഗതത്തിനും ഇത് ഉപകരിക്കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു. ചുരത്തില്‍ നിരന്തരം അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് മൂലം അത്യാസന്ന നിലയിലുള്ള രോഗികളെ കോഴിക്കോട്ടെ വിദഗ്‌ധ ആശുപത്രികളിലെത്തിക്കാന്‍ വൈകുന്നതിനടക്കം പരിഹാരമാകും റോപ്‌വേയിലൂടെ. രോഗികളെ റോപ്‌വേയിലൂടെ സുരക്ഷിതമായി ചുരമിറക്കാന്‍ സാധിക്കും. ഏത് അടിന്തര സാഹചര്യത്തിലും റോപ്‌വേ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.
നിക്ഷേപക സംഗമത്തില്‍ മുന്തിയ പരിഗണന
എറണാകളുത്ത് നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ ചുരം റോപ്‌വേ പദ്ധതിയുമായി വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്ബനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ആഗോളതലത്തിലുള്ള 150 ഓളം കമ്ബനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. പദ്ധതിയുടെ പ്രാധാന്യം അനുസരിച്ച് സംഗമത്തിലെ 19-ാമത്തെ കമ്ബനിയായി വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്ബനിയെ തെരഞ്ഞെടുത്തിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ 150 കോടി രൂപ റോപ്‌വേക്കായി വകയിരുത്തിയിട്ടുണ്ടെന്നും ജോണി പാറ്റാനി പറഞ്ഞു.
ഓഹരി വില്‍പനയിലൂടെ പണം കണ്ടെത്തും
ചുരം റോപ്‌വേ പദ്ധതിക്കാവശ്യമായ പണം ഓഹരി വില്‍പനയിലുടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്ബനി പ്രതിനിധികള്‍ ദുബൈ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനം ആശാവഹമായിരുന്നുവെന്നും ധാരാളം ആളുകള്‍ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ജോണി പാറ്റാനി പറഞ്ഞു. ഓഹരി എടുക്കുന്നവര്‍ക്ക് ലാഭവിഹിതം നല്‍കാനാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് കമ്ബനി രൂപീകരിച്ചത്. ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യോഗം വിളിച്ചു ചേര്‍ക്കാനാണ് കമ്ബനി പ്രിതിനിധികള്‍ തീരുമാനിച്ചിരിക്കുന്നത്.
https://chat.whatsapp.com/KW8Z6fBWIhyGwK5RSXEa2P
ലക്കിടിയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും
വൈത്തിരി ലക്കിടിയിലും അടിവാരത്തുമായി റോപ്‌വേ പദ്ധതിക്കായി മൊത്തം 12 ഏക്കര്‍ സ്‌ഥലം കമ്ബനി വിലയ്‌ക്കു വാങ്ങി. അടിവാരത്ത് 10 ഏക്കറും ലക്കിടിയില്‍ രണ്ട് ഏക്കറുമാണ് വാങ്ങിയത്. റോപ്‌വേ പദ്ധതി വരുന്നുണ്ടെന്നറിഞ്ഞ് ഉടമകള്‍ സ്‌ഥലത്തിന്റെ വില പതിന്‍മടങ്ങ് വര്‍ധിപ്പിച്ചത് സ്‌ഥലമെടുപ്പിനെ ബാധിച്ചു. ലക്കിടിയില്‍ സ്വകാര്യ വ്യക്‌തി റോപ്‌വേക്കായി സ്‌ഥലം സൗജന്യമായി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. വനംവകുപ്പുമായി തര്‍ക്കമുള്ള ഭൂമിയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആ സ്‌ഥലം ഉപേക്ഷിച്ച് പകരം സ്‌ഥലം വിലയ്‌ക്കു വാങ്ങി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ച സ്‌ഥലം കണക്കാക്കിയാണ് ആദ്യം റോപ്‌വേയുടെ അലൈന്‍മെന്റ് കണക്കാക്കിയത്. വേറെ സ്‌ഥലം വാങ്ങേണ്ടി വന്നതോടെ അലൈന്‍മെന്റ് മാറി. ഈ പ്രശ്‌നവും നിലവില്‍ പരിഹരിച്ചു. പുതിയ സ്‌ഥലവുമായി ബന്ധപ്പെട്ടുള്ള ചില രേഖകള്‍ വനംവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിന്റെ അനുമതി മാത്രമാണിനി ലഭിക്കാനുള്ളത്.
റോപ്‌വേയുടെ മുകളിലും താഴെയുമുള്ള പോയിന്റുകളില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും ഹോട്ടലുകളും വിശ്രമിക്കാനുള്ള മറ്റു സൗകര്യങ്ങളുമെല്ലാം രണ്ടാംഘട്ടമായി വിഭാവനം ചെയ്യുന്നുണ്ട്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളില്‍ 99 ശതമാനവും ലഭ്യമായി കഴിഞ്ഞ പദ്ധതിക്കു വേണ്ടി ഇനി നടക്കേണ്ടത് ഇക്കോളജിക്കല്‍ വകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു സിറ്റിംഗാണ്. ഇതിനകം നാലു സിറ്റിംഗ് പൂര്‍ത്തിയായി.
ആഗോളതലത്തില്‍ ടെണ്ടര്‍ ക്ഷണിക്കും
ചുരം റോപ്‌വേ സ്‌ഥാപിക്കാനായി ഈ മേഖലയില്‍ പരിചയമുള്ള ആഗോളതലത്തിലുള്ള പ്രശസ്‌തമായ കമ്ബനികളെ ക്ഷണിക്കാനാണ് വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കമ്ബനി ഉദേശിക്കുന്നത്. ഇതിനായി ആഗോളതലത്തില്‍ തന്നെ ടെണ്ടര്‍ ക്ഷണിക്കും.
കമ്ബനി പ്രതിനിധികള്‍ മലേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശിച്ച് അവിടങ്ങളിലുള്ള റോപ്‌വേയെക്കുറിച്ച് പഠനം നടത്തിയിരുന്നു.
ചുരം റോപ്‌വേയുടെ വിശദമായ പഠന റിപ്പോര്‍ട്ടും (ഡി.പി.ആര്‍.) സാധ്യതാ പഠനവും നടത്തിയത് കല്‍ക്കത്തയിലുള്ള ദാമോദര്‍ റോപ്‌വേ ഇന്റര്‍നാഷണല്‍ കമ്ബനിയാണ്.