കോഴിക്കോട് ∙ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ വാർത്തകൾ ഉയർത്തിയ ആശങ്കകളിലും കനത്ത മഴയിലും അൽപം മാന്ദ്യത്തിലാണ്ടു പോയ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഓണം സീസൺ പകരുന്നത് പുത്തൻ ഉണർവിന്റെ പ്രതീക്ഷകൾ. അനുകൂല കാലാവസ്ഥ എന്ന പ്രവചനങ്ങളും നീണ്ട അവധിയുമാണ് വയനാട്ടിലെ വിനോദസഞ്ചാര സംരംഭകർക്ക് ശുഭപ്രതീക്ഷ നൽകുന്നത്. എന്നാൽ ഓണത്തിരക്ക് വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം റോഡിൽ കുരുക്കുകൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉണ്ട്. ഓണം അവധിക്ക് വയനാടൻ കാഴ്ചകൾ കാണാൻ നൂറുകണക്കിന് വാഹനങ്ങൾ ചുരം കയറിയെത്തുമെന്നാണ് സൂചന. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും മറ്റും ചുരം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ കൂടിയാകുന്നതോടെ കുരുക്കു വീണ്ടും മുറുകും. വാഹനത്തിരക്കു മുൻകൂട്ടി കണ്ട് പൊലീസ് പ്രത്യേക നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ചുരം റോഡിൽ നീണ്ട ഗതാഗതക്കുരുക്കുകൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വയനാട്ടിലേക്കും തിരിച്ചും ചുരം കടക്കാതെ എത്താവുന്ന ചില ബദൽ റോഡുകൾ ഇതാ:
∙ കോഴിക്കോട് നിന്ന് വയനാട്
നാടുകാണി, കുറ്റ്യാടി ചുരം റോഡുകളാണ് ഇവിടെ നിങ്ങളെ തുണയ്ക്കുക. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്നവർക്ക് നാടുകാണി ചുരം വഴി പോകാം. ദേശീയ പാതയിലുടെ കുന്നമംഗലത്ത് എത്തി മുക്കം – അരീക്കോട് – നിലമ്പൂർ റോഡ് വഴി അതുമല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് – എടവണ്ണപ്പാറ – അരീക്കോട് – നിലമ്പൂർ റോഡ് വഴിയും പോകാം.
മാനന്തവാടിയിലേക്ക് പോകുന്നവർക്ക് പേരാമ്പ്ര – കുറ്റ്യാടി –തൊട്ടിൽപാലം– നിരവിൽപ്പുഴ റോഡ് ആകും ഉചിതം. ഇടുങ്ങിയ റോഡ് ആയതിനാൽ വലിയ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ഈ പാത അത്ര മെച്ചമാകില്ല. മലയോര പാതയുടെ പണികൾ നടക്കുന്നതും വാഹനങ്ങൾക്ക് ഈ പാതയിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.
∙ കണ്ണൂരിൽ നിന്ന് വയനാട്
പെരിയ, പാൽചുരം റോഡുകൾ, മാഹി–തൊട്ടിൽപാലം റോഡുകളാണ് ഇവിടെ ഉപകാരപ്പെടുക. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ്, പെരിയ വഴി മാനന്തവാടിയിൽ എത്താം. കണ്ണൂർ – കൊട്ടിയൂർ – ഇരിട്ടി – പേരാവൂർ – ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്ക് പാൽചുരം റോഡ് വഴി എത്താം. കനത്ത മഴയും മറ്റും പെയ്യുമ്പോൾ സുരക്ഷ മുൻനിർത്തി ഈ പാതയിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട് എന്നതാണ് ഒരു പ്രതിസന്ധി. ഈ പാത അത്ര പരിചയം ഇല്ലാത്തവർക്ക് പകൽസമയ യാത്രയ്ക്കാകും ഈ വഴി ഉപകാരപ്പെടുക. കണ്ണൂർ–തലശ്ശേരി–മാഹി–തൊട്ടിൽപാലം വഴിയും മാനന്തവാടിയിൽ എത്താം.
∙ തെക്കൻ ജില്ലകളിൽനിന്ന്
തെക്കൻ ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് പോകുന്നവർക്ക് നിലമ്പൂർ വഴി ആകും ഉചിതം. മലപ്പുറംകാർക്കും കോഴിക്കോട് തൊടാതെ പോകാൻ ആകുന്ന വഴിയാണിത്. നിലമ്പൂർ–വഴിക്കടവ്–നാടുകാണി–ചേരമ്പാടി–വടുവഞ്ചാൽ വഴിയാണ് പോകേണ്ടത്. വഴിക്കടവിലെത്തിയാൽ ഊട്ടിയിലേക്ക് പോകേണ്ടവർ വലതുവഴി പോകണം. വയനാട്ടിലേക്ക് പോകേണ്ടവർക്ക് ഇടതു റോഡിലേക്ക് തിരിയാം. ഇതിലൂടെ വടുവഞ്ചാലിൽ എത്തി ബത്തേരിയിലേക്ക് പോകേണ്ടവർ അവിടെ നിന്ന് വലത്തേക്കു തിരിഞ്ഞും വൈത്തിരി, കൽപറ്റ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ തുടർന്ന് അവിടെ നിന്ന് കോഴിക്കോട്ടേക്കുള്ള റൂട്ട് ചോദിച്ച് പോകാം.







