താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ

കോഴിക്കോട് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം

ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിന്റെ ഭാഗമായാണ് താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ.
ലോറികളില്‍ കയറ്റി ചുരമിറക്കിയെത്തിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് വെസ്റ്റ്‌കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് ലേലനടപടികള്‍ക്കായി മാറ്റിയിടും.
മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം. ചുരത്തിലെ നവീകരണത്തിന് കരാറേറ്റെടുത്ത ഡല്‍ഹി ആസ്ഥാനമായുള്ള ചൗധരി കണ്‍സ്ട്രക്ഷന്‍സ് കമ്പനി അധികൃതര്‍, റോഡ് പ്രവൃത്തിക്കു മുന്നോടിയായി താമരശേരി ചുരത്തില്‍നിന്ന് ഇതിനകം ആകെ മുറിച്ചത് 140 മരങ്ങളാണ്.

അതേസമയം, മരം ലോറിയില്‍ കയറ്റി കൊണ്ടിരിക്കെ ചുരത്തില്‍ ക്രെയിന്‍ മറിഞ്ഞു. എട്ടാം വളവിലാണ് അപകടം. ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് നിസാര പരുക്കേറ്റു.