പ്രഭാത വാർത്തകൾ

 

🔳ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവിയെടുത്തിട്ട് ഇന്നേക്ക് 65 വര്‍ഷം. ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍

🔳കഴിഞ്ഞ ഏഴുകൊല്ലങ്ങളാകാം രേഖപ്പെടുത്തിയതില്‍വെച്ച് ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളെന്ന് ലോക കാലാവസ്ഥാ സംഘടന. ആഗോള കാലാവസ്ഥാ സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രാഥമിക കാലാവസ്ഥാ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഭൂമി വാസയോഗ്യമല്ലാത്തയിടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എം.ഒ. മുന്നറിയിപ്പു നല്‍കി.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനിടയുള്ളൂ. ഇന്ത്യ സന്ദര്‍ശനത്തിനിടെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മതസ്വാതന്ത്യം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും സഹിഷ്ണുതയുടെ സന്ദേശമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു

🔳മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ വികാരഭരിതമായ ആദരാജ്ഞലി വീഡിയോയുമായി കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ സംസ്‌കാര ചടങ്ങില്‍ നിന്നുള്ള ഏതാനും ദൃശ്യങ്ങളാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. മുത്തശ്ശിയെ കുറിച്ചുള്ള ഓര്‍മകളും അവര്‍ക്കൊപ്പമുള്ള അനുഭവങ്ങളും വീണ്ടും ഓര്‍ത്തെടുത്തുകൊണ്ട് ഏറെ വികാരാധീനനായാണ് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ സംസാരിക്കുന്നത്. എന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത എന്റെ അമ്മയെപ്പോലെയായിരുന്നു അവര്‍. അവരുടെ മരണം എന്റെ ജീവിതത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചു, ഇന്നും ഞാന്‍ അവരെ മിസ് ചെയ്യുന്നു. അവര്‍ ഒരിക്കലും മറക്കപ്പെടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ കുറിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 12,907 കോവിഡ് രോഗികളില്‍ 7,167 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 251 മരണങ്ങളില്‍ 167 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 146 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 7 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,52,596 സജീവരോഗികളില്‍ 79,266 രോഗികളും കേരളത്തിലാണുള്ളത്.

🔳കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങള്‍ ഇന്നു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ്സിനു മുകളിലുള്ളവരില്‍ 95 ശതമാനത്തോളം പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയതോടെ സാമൂഹിക നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനം പ്രാപ്തമായിട്ടുണ്ടെന്നും ഇന്ന് മുതല്‍ സ്ഥിതി മാറുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

🔳കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ഇടത് മുന്നണി കേരള കോണ്‍ഗ്രസിന് തന്നെ നല്‍കിയേക്കും. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്റേതാണെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. മത്സരിക്കാനുള്ള സാധ്യത തള്ളാതിരുന്ന ജോസ്, പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നാണ് പ്രതികരിച്ചത്.

🔳സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശം. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടര്‍നടപടി.

🔳തൈക്കാട് റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസിന്റെയും പരിസരത്തിന്റെയും വൃത്തിയില്ലായ്മയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന നിര്‍ദേശം നല്കിയാണ് മടങ്ങിയത്. ഇന്ന് മുതല്‍ കേരളത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനം.

🔳കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണ-സ്വര്‍ണ്ണക്കടത്ത്- ലഹരി മാഫിയ തലവന്‍മാരിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്രസാ ബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. പൊലീസിനെക്കണ്ട് ഭയന്നോടിയ ഇയാളെ സാഹസികമായാണ് പോലിസ് പിടികൂടിയത്.

🔳റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ ഇന്ന് മുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇന്‍ മൊബൈല്‍ ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാവും. ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക് കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനമായി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ഇതുസംബന്ധിച്ച് നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു.

🔳സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്.

🔳ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഇന്നലെ രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയതായി ഇന്നലെ രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു.

🔳ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനൊപ്പം ജാമ്യം കിട്ടിയ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റും മുന്‍മുന്‍ ധമേച്ചയും ജയില്‍ മോചിതരായി. നടപടി ക്രമങ്ങള്‍ തീരുന്നതിലെ കാലതാമസമാണ് ഇവരുടെ ജയില്‍ മോചനവും വൈകിച്ചത്. അര്‍ബാസ് ആര്‍തര്‍ റോഡ് ജയിലിലും മുന്‍മുന്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലും ആയിരുന്നു. മലയാളിയായ ശ്രേയസ് നായര്‍ അടക്കം കേസില്‍ അറസ്റ്റിലായ ഇരുപത് പേരില്‍ പന്ത്രണ്ട് പേര്‍ക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്.

🔳ബിജെപി എന്ന വൈറസിനുള്ള ഏക വാക്സിന്‍ മമത ബാനര്‍ജിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി. 2023ലെ ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഗര്‍ത്തലയില്‍ നടന്ന റാലിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ പോയ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി റജിബ് ബാനര്‍ജിയും ത്രിപുര ബിജെപി എംഎല്‍എ ആശിഷ് ദാസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

🔳അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നു. അതിര്‍ത്തി മേഖലയായ അസാഫിലയിലാണ് ചൈന നിര്‍മ്മാണ പ്രവര്‍ത്തികളും പട്രോളിങ്ങും വര്‍ധിപ്പിച്ചത്. അതേസമയം നിരീക്ഷണം ശക്തിപ്പെടുത്തിയതായും മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമന്നും ഇന്ത്യന്‍ കരസേന വ്യക്തമാക്കി. 3500-ഓളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ മേഖലകളില്‍ തര്‍ക്കം ഉയര്‍ത്താനാണ് ചൈനയുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റില്‍ ഉത്തരാഖണ്ഡിലെ ബരാഹോട്ടില്‍ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

🔳മരിച്ചെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെ താലിബാന്‍ ഉന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ സിറ്റിയിലാണ് അഖുന്‍സാദ എത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിന് ശേഷവും അഖുന്‍സാദ പൊതുപരിപാടികളില്‍ പങ്കെടുക്കകയോ ആളുകള്‍ക്ക് മുന്നിലെത്തുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.

🔳പ്രതീക്ഷകള്‍ അസ്തമിച്ചു. ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കിവീസിന്റെ ഇരുട്ടടി. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ന്യൂസിലന്‍ഡ്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്.

🔳ടി20 ലോകകപ്പില്‍ നമീബിയയെ 62 റണ്‍സിന് തോല്‍പിച്ച് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 98 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹാമിദ് ഹസനും നവീന്‍ ഉള്‍ ഹഖും മൂന്ന് വീതവും ഗുല്‍ബാദിന്‍ നൈബ് രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് നേടി. നവീനാണ് കളിയിലെ മികച്ച താരം.

🔳സ്പാനിഷ് ലീഗില്‍ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്‌സലോണയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട താരം തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. അഗ്വേറോ നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടക്കുന്നതും കാണാമായിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 65,158 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 7 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,681 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേര്‍ രോഗമുക്തി നേടി. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 51.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137.

🔳രാജ്യത്ത് ഇന്നലെ 12,907 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,162 പേര്‍ രോഗമുക്തി നേടി. മരണം 251. ഇതോടെ ആകെ മരണം 4,58,470 ആയി. ഇതുവരെ 3,42,85,612 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.52 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,172 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,009 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,17,299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 15,576 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,009 പേര്‍ക്കും റഷ്യയില്‍ 40,993 പേര്‍ക്കും തുര്‍ക്കിയില്‍ 23,948 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.74 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.83 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,364 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 149 പേരും റഷ്യയില്‍ 1,158 പേരും മെക്സിക്കോയില്‍ 325 പേരും ഉക്രെയിനില്‍ 336 പേരും റൊമാനിയായില്‍ 394 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.14 ലക്ഷമായി.

🔳ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോ. ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ ഐ.ടി, എനര്‍ജി കമ്പനികളെ പിന്തള്ളിയാണ് സൗദി അരാംകോ ഏറ്റവും ലാഭമുള്ള കമ്പനിയായി മാറിയത്. എണ്ണവിലയിലെ സമീപകാല വര്‍ദ്ധനവാണ് അരാംകോക്ക് തുണയായത്. ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറിലെ അറ്റാദായം ഒരു വര്‍ഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാള്‍ 158 ശതമാനം വര്‍ധിച്ച് 30.4 ശതകോടി ഡോളറായി വര്‍ധിച്ചു. വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 96 ശതകോടി ഡോളര്‍ ആയി.

🔳കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കി. ഈ ടിവികളുടെ വ്യക്തിഗത വില കാര്‍ബണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ടിവികള്‍ 7990 രൂപയില്‍ ആരംഭിക്കുമെന്നാണ് സൂചന. സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ കാര്‍ബണ്‍ ഇന്ത്യയിലെ ടിവി വിപണിയിലേക്ക് ചുവടുവെക്കുകയാണ്.

🔳ബജാജ് ഓട്ടോ കഴിഞ്ഞ ദിവസമാണ് ജനപ്രിയ പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ പള്‍സര്‍ 250 ട്വിന്‍ – പള്‍സര്‍ എഫ്250, പള്‍സര്‍ എന്‍250 എന്നിവയെ പുറത്തിറക്കിയത്. ഏറ്റവും വലിയ പള്‍സര്‍ എന്ന നിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്. നേരത്തെ പള്‍സര്‍ ബൈക്കുകളുടെ കുടുംബത്തിന് ലഭിച്ച അതേ വിജയം പുതിയ ലോഞ്ചിലൂടെ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

🔳ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ തക്കാളി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമാണ്. അത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി വഹിക്കുന്ന പങ്ക് എത്ര മാത്രമാണെന്ന് പലര്‍ക്കും അറിയില്ല.വിവിധ പോഷകങ്ങളുടെ കലവറയാണ് തക്കാളി. പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുള്ള തക്കാളി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ തക്കാളി സഹായിക്കുന്നു. ഒരു തക്കാളി എടുത്ത് അഞ്ച് മിനിറ്റ് നന്നായി മസ്സാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്താല്‍ മുഖകാന്തി വര്‍ദ്ധിക്കും.ഒരു തക്കാളിയുടെ പേസ്റ്റും 2 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും അരച്ച് ചര്‍മ്മത്തില്‍ ഇടുക. ഉണങ്ങിയശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ചര്‍മ്മം കൂടുതല്‍ മൃദുവാകുകയും ഉന്മേഷവും പുതുമയും ലഭിക്കുകയും ചെയ്യും. വെയിലേറ്റ് കരിവാളിക്കുന്ന ചര്‍മ്മത്തിനും തക്കാളി ഫലപ്രദമാണ്. തക്കാളിയും തേനും നന്നായി മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ മസാജ് ചെയ്ത് 20 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ച്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്താല്‍ കരിവാളിപ്പ് മാറി കിട്ടും.ഒരു തക്കാളി പേസ്റ്റ്, രണ്ട് ഐസ് ക്യൂബ്, രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര്, മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം മുഖത്തും കഴുത്തിലും കൈകളിലും ഈ പാക്ക് ഇടുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മുഖകാന്തി വര്‍ദ്ധിക്കും.