പ്രഭാത വാർത്തകൾ

 

🔳കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കുമാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. മഹാരാഷ്ട്രയിലെ ചിഞ്ച് വാഡില്‍ നിന്നുള്ള ആറു പേര്‍ക്കും പുണെയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.

🔳ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രാവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നും ഹലാലിന്റെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുന്നുവെന്നും ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവല്‍ക്കരിക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ് ആര്‍എസ്എസുകാര്‍, സംഘടന വളരാന്‍ വര്‍ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവര്‍. കേരളത്തില്‍ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചു.

🔳തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കണം. ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല. ഇവിടെ ആര്‍ക്കും മാറി നില്‍ക്കാനാകില്ല’- സുധാകരന്‍ വ്യക്തമാക്കി.മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി സഹകരിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് സുധാകരന്റെ വിമര്‍ശനം.

🔳തളിപ്പറമ്പില്‍ സിപിഎമ്മിന് തലവേദനയായി മാറിക്കഴിഞ്ഞ കോമത്ത് മുരളീധരന് മുന്നറിയിപ്പും സിപിഐക്ക് വിമര്‍ശനവുമായി നേതാക്കള്‍. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കില്‍ ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ എന്നായിരുന്നു എം വി ജയരാജന്‍ വിമര്‍ശിച്ചത്. തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്. മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്.

🔳വഖഫ് ബോര്‍ഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി നാളെ ചര്‍ച്ച നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് ചര്‍ച്ചയ്ക്ക് എത്തുക. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. ഈ മാസം 9ന് ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമസ്തയുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, പ്രതിഷേധം ഉയര്‍ത്തിയ ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളെയൊന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല.

🔳നാഗാലാന്റില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 ഗ്രാമീണരടക്കം 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം. സാധാരണക്കാര്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികള്‍ സംഘടിച്ച് സര്‍ക്കാര്‍ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോണ്‍ നഗരത്തിലെ അസം റൈഫിള്‍സിന്റെ ക്യാമ്പും നാട്ടുകാര്‍ ആക്രമിച്ചു. ക്യാമ്പിന് തീയിടാന്‍ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിള്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാന്‍ ആകാശത്തേക്ക് വെടിവെച്ചു.

🔳നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പൗരന്മാരും, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

🔳പുതുച്ചേരിയേയും തകര്‍ത്ത് കേരളം സന്തോഷ്് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്. ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1 നായിരുന്നു കേരളത്തിന്റെ ജയം.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് മൂന്നും ഗോളും പിറന്നത്. അല്‍വാരോ വാസ്‌ക്വെസ്, കെ പ്രശാന്ത് എന്നിവരാണ് ഗോള്‍ നേടിയത്. നിഖില്‍ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയുടെ ഏകഗോള്‍ നേടിയത്.

🔳ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കളി മുന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 140 എന്ന നിലയിലാണ് ആതിഥേയര്‍. രണ്ട് ദിനം അവശേഷിക്കെ ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഇനിയും 400 റണ്‍സ് കൂടി വേണം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇത്രയും വലിയ സ്‌കോര്‍ മറികടക്കുക പ്രയാസമാണ്. ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 276ന് 7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 10 വിക്കറ്റ് നേടിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് പേരെ പുറത്താക്കി.

🔳പാകിസ്ഥാന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന് ഇടം കണ്ടെത്താനായില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്്. ഏകദിന ടീമിനെ ഷായ് ഹോപ്പും ടി20 ടീമിനെ നിക്കോളാസ് പുരാനും നയിക്കും. ഏകദിനത്തില്‍ ഡെവോണ്‍ തോമസാണ് പൊള്ളാര്‍ഡിന്റെ പകരക്കാരന്‍. ടി20യില്‍ റോവ്മാന്‍ പവലും പകരക്കാരനാവും. അതേസമയം, ആന്ദ്രേ റസ്സല്‍, എവിന്‍ ലൂയിസ് എന്നിവരേയും പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

🔳കേരളത്തില്‍ ഇന്നലെ 57,722 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,600 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4606 പേര്‍ രോഗമുക്തി നേടി. ഇതോടെ 43,454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51.

🔳ആഗോളതലത്തില്‍ ഇന്നലെ 4,08,878 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 24,853 പേര്‍ക്കും ഇംഗ്ലണ്ടില്‍ 43,992 പേര്‍ക്കും റഷ്യയില്‍ 32,602 പേര്‍ക്കും തുര്‍ക്കിയില്‍ 19,357 പേര്‍ക്കും ഫ്രാന്‍സില്‍ 42,252 പേര്‍ക്കും ജര്‍മനിയില്‍ 35,983 പേര്‍ക്കും പോളണ്ടില്‍ 22,389 പേര്‍ക്കും നെതര്‍ലണ്ട്സില്‍ 23,078 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.60 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.11 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,863 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 140 പേരും റഷ്യയില്‍ 1,206 പേരും പോളണ്ടില്‍ 251 പേരും ഉക്രെയിനില്‍ 278 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.70 ലക്ഷമായി.

🔳രാജ്യത്ത് സില്‍വര്‍ ഇടിഎഫിന് അനുമതി നല്‍കിയതോടെ നിരവധി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഓഫര്‍ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ്, നിപ്പോണ്‍ ഇന്ത്യ, മിറ അസറ്റ് തുടങ്ങിയവയാണ് സില്‍വര്‍ ഇടിഎഫ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞമാസമാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സില്‍വര്‍ ഇടിഎഫ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയത്. സ്വര്‍ണത്തെപ്പോലെ വെള്ളിയിലും നിക്ഷേപിച്ച് അതിലെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്.

🔳ജനുവരി മാസം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ കാര്‍ വില ഉയര്‍ത്തും. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് കോസ്റ്റ്, സവിശേഷതകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വാഹന നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി, ലക്ഷ്വറി വാഹനങ്ങള്‍ പുറത്തിറക്കുന്ന മെഴ്സീഡസ് ബെന്‍സ്, ഓഡി എന്നിവരാണ് വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വില വര്‍ധനവ് മോഡലുകളെ ആശ്രയിച്ചിരിക്കുമെന്നാണ് മാരുതി അറിയിച്ചത്.

🔳നാനി നായകനാകുന്ന ചിത്രമാണ് ‘ശ്യാം സിന്‍ഹ റോയി’. സായ് പല്ലവിയാണ് ചിത്രത്തില്‍ ഒരു പ്രധാന സ്ത്രീകഥാപാത്രമായി എത്തുന്നത്. രാഹുല്‍ സംകൃത്യന്‍ ചിത്രം സംവിധാനം ചെയ്യുന്നു. ഇപോഴിതാ തന്റെയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ‘ശ്യാം സിന്‍ഹ റോയി’ ഹിറ്റാകുമെന്ന പ്രതീക്ഷയോടെ സായ് പല്ലവി. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

🔳സൗബിന്‍ ഷാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘മ്യാവു’വിന്റെ പ്രെമോ ഗാനം പുറത്തുവിട്ടു. ‘ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍ തന്നെയാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം 24ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൗബിന്‍ ഷാഹിറിന് പുറമെ മംമ്ത മോഹന്‍ദാസ്, ഹരിശ്രീ യൂസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳ഏകദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം ഇന്ത്യന്‍ നിരത്തുകളിലെത്തും. ഡിസംബര്‍ 15 മുതല്‍ ഡെലിവറി ആരംഭിക്കും.85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന ‘കോമ’ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന കഥാപാത്രത്തിന്റെ ബന്ധപഥങ്ങളില്‍ പ്രദക്ഷിണം ചെയ്യുന്ന പോള്‍, രാഹുല്‍, വിക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ക്കിടയിലെ സ്‌നേഹകാലുഷ്യങ്ങളിലൂടെ, വലിയ മനശ്ശാസ്ത്രപ്രശ്‌നങ്ങള്‍ക്കുത്തരമന്വേഷിക്കുക കൂടിയാണു നോവല്‍. അന്‍വര്‍ അബ്ദുള്ള. ഡിസി ബുക്സ്. വില 266 രൂപ.

🔳ആവശ്യത്തിന് സമയം ഉറങ്ങാത്തത് മാത്രമല്ല കൂടുതല്‍ നേരം കിടന്ന് ഉറങ്ങുന്നതും മനുഷ്യന്റെ ധാരണാശേഷി കുറച്ച് അല്‍ഷിമേഴ്സ് അടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്ന് അമേരിക്കയില്‍ നടന്ന ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. ബ്രെയിന്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. മോശം ഉറക്കവും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി നിരവധി പഠനങ്ങള്‍ ഇതിനു മുന്‍പും ചൂണ്ടിക്കാട്ടിയിരുന്നു. ശരാശരി 75 വയസ്സ് പ്രായമുള്ള 100 പേരിലാണ് പുതിയ പഠനം നടത്തിയത്. ഇവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും പരിശോധിക്കപ്പെട്ടു. അല്‍ഷിമേഴ്സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ സംബന്ധിച്ചും ഇവരില്‍ പരിശോധനകള്‍ നടത്തി. നാലര വര്‍ഷക്കാലത്തേക്ക് ഇവരുടെ ധാരണാശേഷി നിരന്തരമായി വിലയിരുത്തി. ഇവരില്‍ 88 പേര്‍ക്ക് ധാരണാശേഷിയില്‍ തകരാറൊന്നും ഉണ്ടായില്ല. 11 പേര്‍ക്ക് വളരെ ചെറിയ തോതിലുള്ള തകരാറും ഒരാള്‍ക്ക് ലഘുവായ തകരാറും കണ്ടെത്തി. ഒരു ദിവസം ശരാശരി അഞ്ചര മണിക്കൂറില്‍ താഴെയോ ഏഴര മണിക്കൂറില്‍ അധികമോ ഉറങ്ങിയവരുടെ ധാരണാശേഷിയുടെ സ്‌കോര്‍ താഴേക്ക് വന്നതായും അല്‍ഷിമേഴ്സിന്റെ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ക്കും ഇത് ബാധകമായിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഒരു മധ്യദൂരം സ്വീകരിച്ച് അഞ്ചര മണിക്കൂറിനും ഏഴര മണിക്കൂറിനും ഇടയില്‍ ഉറങ്ങിയവര്‍ക്ക് ധാരണാശേഷിയില്‍ കുറവുണ്ടായില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

*ശുഭദിനം*

1983 ല്‍ മോഹനന്റെയും രാധാമണിയുടെയും മകളായി അവള്‍ ജനിച്ചു. വീട്ടിലേക്ക് വെളിച്ചംകൊണ്ടുവന്ന ആ പൊന്നോമനയെ അവര്‍ രശ്മിയെന്നുവിളിച്ചു. കുസൃതികളാല്‍ ആ വീട്ടില്‍ അവള്‍ പ്രകാശം നിറച്ചു. പക്ഷേ മൂന്നാം വയസ്സില്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ന്യൂമോണിയ അവളുടെ കേള്‍വിശക്തിയും സംസാരശേഷിയും കൊണ്ടുപോയി. പക്ഷേ, ആ മാതാപിതാക്കള്‍ തങ്ങളുടെ പ്രകാശത്തിന് ഒരു തരിമ്പുപോലും മങ്ങലേല്‍ക്കാന്‍ അനുവദിച്ചില്ല. വിദഗ്ദചികിത്സകൊണ്ടും പ്രാര്‍ത്ഥനകള്‍കൊണ്ടും അവര്‍ മകളുടെ സംസാരശേഷിയെ ഭാഗികമായി തിരികെ പിടിച്ചു. സാധാരണസ്‌കൂളില്‍ സാധാരണ കുട്ടികളോടൊപ്പം അവള്‍ പഠിച്ചു. അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനക്ക് അവള്‍ മറുപടി നല്‍കിയത് പ്രകാശഭരിതമായ വിജയങ്ങള്‍കൊണ്ടായിരുന്നു. പത്താംക്ലാസ്സിലും പ്രീഡിഗ്രിക്കും ഫസ്റ്റ് ക്ലാസ്സ്, ഡിഗ്രിക്ക് ഒരുമാര്‍ക്കിന് ഒന്നാം റാങ്ക് നഷ്ടപ്പെട്ടെങ്കിലും രണ്ടാം റാങ്കിന് ഒട്ടും പകിട്ട് കുറവല്ലെന്ന് വിശ്വാസത്തിലാണ് കോളേജിന് പുറത്തേക്കിറങ്ങിയത്. 22-ാം വയസ്സില്‍ സര്‍ക്കാര്‍ജോലി. പരിമിതികളോട് മറികടന്ന് പഞ്ചായത്ത് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥ എന്നു പേരെടുത്ത രശ്മിയെതേടി നിരവധി അംഗീകാരങ്ങളെത്തി. 2016 ല്‍ സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ പുരസ്‌കാരം, 2020 ല്‍ മികച്ച ഭിന്നശേഷി ജീവനക്കാര്‍ക്കുള്ള ദേശീയ പുരസ്‌കാരം. കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് രശ്മി പുതിയ ചരിത്രമെഴുതുകയാണ്. അപ്രതീക്ഷിതമായ ഒരു തടസ്സം ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. അതും കടന്ന് മുന്നോട്ട് പോകുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്. –